കൂത്തുപറമ്പ്: മൂര്യാട് അയോധ്യ നഗറിലെ കാരായി ജാനുവിന് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. വർഷങ്ങളായി ഇവർ മനസിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു കയറി കിടക്കാൻ അടച്ചുറപ്പുള്ളൊരു വീടെന്നത്. സുമനസുകളുടെ കൂട്ടായ്മയിൽ നിർമിച്ച വീട്ടിൽ എഴുപത്തിയൊന്നുകാരിയായ ജാനു കഴിഞ്ഞ ദിവസം മുതൽ താമസം തുടങ്ങി.
നീണ്ടു നിവർന്നൊന്നു നിൽക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള ടാർപോളിംഗ് കൂരയ്ക്ക് കീഴിലായിരുന്നു കുറേ വർഷങ്ങളായി ജാനുവിന്റെ ജീവിതം.നാലു ഭാഗവും മരക്കൊമ്പിൽ കുത്തി നിർത്തിയ പ്ലാസ്റ്റിക് കൂരയ്ക്കു കീഴെയായിരുന്നു ഭക്ഷണം തയാറാക്കലും ഉറക്കവുമെല്ലാം.
ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു വരുന്നതിനിടെ ഭർത്താവ് മരണപ്പെടുകയും ബന്ധുക്കൾ മറ്റു വീടുകളിലേക്ക് താമസം മാറുകയും ചെയ്തതോടെയാണ് ജാനു തനിച്ചായത്. കാലപ്പഴക്കത്താൽ ഇവരുടെ വീടും നാമാവശേഷമായി.
അതോടെ വീട് നിലനിന്ന സ്ഥലത്ത് തന്നെ പ്ലാസ്റ്റിക് ഷീറ്റ് പാകിയ ഷെഡ് നിർമിക്കുകയായിരുന്നു. സ്വന്തമായി വീടു നിർമിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും സാങ്കേതിക കുരുക്കിൽ അതും തടസപ്പെട്ടു.ദുരിതക്കയത്തിൽ വാർധക്യം എണ്ണി തീർക്കുന്ന ജാനുവിന്റെ ദുരിത ജീവിതം രാഷ്ട്രദീപിക ഉൾപ്പെടെ മാധ്യമങ്ങൾ സമൂഹത്തിനു മുന്നിലെത്തിച്ചു.
ഇതിനു പിന്നാലെ കൂത്തുപറമ്പ് നഗരസഭാധികൃതരും നാട്ടുകാരും ഇടപ്പെട്ട് ജാനുവിനെ വീടിനു സമീപം തന്നെയുള്ള വാടക വീട്ടിലേക്ക് മാറ്റി. ഇതിനൊപ്പം ഇവർക്ക് വീടു നിർമിച്ചു നൽകാനുള്ള നടപടിയും തുടങ്ങി.എം.ചന്ദ്രഭാനു കൺവീനറും കൗൺസിലർ വി.വാസു ചെയർമാനുമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ കൂടി സഹായത്തോടെ ആറു മാസം കൊണ്ടാണ് നാലു ലക്ഷത്തോളം രൂപ ചെലവിൽ വീടുനിർമാണം പൂർത്തീകരിച്ചത്.
ഒരു കിടപ്പുമുറി, ഹാൾ, അടുക്കള, ശുചി മുറി എന്നീ സൗകര്യങ്ങളോടു കൂടിയതാണ് വീട്. കഴിഞ്ഞ ദിവസമാണ് വീടിന്റെ താക്കോൽദാനം നടന്നത്.