വലിയപറമ്പ്: മാടക്കാൽ തൂക്ക് പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു. കവ്വായിക്കായലിൽ മൽസ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികളുടെ വലകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിരന്തരം നശിക്കുന്നതായാണ് പരാതി. തകർന്നുവീണ തൂക്ക് പാലത്തിന്റെ അവശിഷ്ടങ്ങൾ അഞ്ചുവർഷത്തിലധികമായി കായലിൽ കിടക്കുകയാണ്.
നീക്കാൻ കരാർ കൊടുത്തവരാകട്ടെ ഇരു ഭാഗത്തും തൂണുകൾ പൊളിച്ചു ഇരുമ്പ് കടത്തിയതല്ലാതെ കോൺക്രീറ്റ് നിർമിതികൾ കായലിൽ തള്ളുകയായിരുന്നു. മൽസ്യബന്ധനത്തിനിറങ്ങിയ മാടക്കാൽ,തൃക്കരിപ്പൂർ കടപ്പുറം, വടക്കേവളപ്പ്, കന്നുവീട് കടപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി തൊഴിലാളികളുടെ പതിനായിരക്കണക്കിന് രൂപയുടെ വലകളാണ് കോൺക്രീറ്റ് അവശിഷ്ടത്തിൽ കുരുങ്ങി കീറി നശിച്ചത്.
വലകൾ നശിക്കുന്നതിനൊപ്പം മത്സ്യവും കിട്ടാത്ത അവസ്ഥയിലാണ് പ്രദേശത്തുള്ളവർ. 2014 ലാണ് കവ്വായി കായലിലെ മാടക്കാൽ -തൃക്കരിപ്പൂർ വടക്കേവളപ്പ് കടവിന് കുറുകെ നിർമിച്ച തൂക്ക് പാലം തകർന്നുവീണത്.