തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി സുരേഷ് ഗോപി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനം നടത്തിയത്.
ബിഡിജഐസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, രാഹുൽ ഗാന്ധി വയനാട് സ്ഥാനാർഥിയായ സാഹചര്യത്തിൽ തുഷാർ വയനാട്ടിലേക്കു മാറി. ഇതോടെ തൃശൂർ സീറ്റ് ഒഴിവുവന്നു. ഈ സീറ്റ് ബിജെപിക്കു തിരിച്ചു ലഭിച്ചതോടെയാണ് സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചത്.
സിപിഐയുടെ രാജാജി മാത്യു തോമസാണ് തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി. ടി.എൻ.പ്രതാപൻ യുഡിഎഫ് സ്ഥാനാർഥിയാകും.