ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒലെ സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. വൂൾവ്സാണ് മുൻ ചാന്പ്യൻമാരെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വൂൾവ്സിന്റെ വിജയം. രണ്ടാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് യുണൈറ്റഡ് വൂൾവ്സിനോടു പരാജയപ്പെടുത്തത്. കഴിഞ്ഞ ആഴ്ച എഫ്എ കപ്പിലും യുണൈറ്റഡിനെ വൂൾവ്സ് വീഴ്ത്തിയിരുന്നു.
മക്ടോമിനെയുടെ ഗോളിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. മക്ടോമിനെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള സീനിയർ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. 25-ാം മിനിറ്റിൽ വൂൾവ്സ് തിരിച്ചടിച്ചു. ഫ്രെഡിന്റെ പിഴവ് മുതലെടുത്ത് ജോടയാണ് വൂൾവ്സിനായി ലക്ഷ്യംകണ്ടത്.
രണ്ടാം പകുതിയിൽ ആഷ്ലി യംഗ് ചുവപ്പ് കണ്ട് പുറത്തുപോയതോടെ യുണൈറ്റഡിന്റെ ഗതികേട് തുടങ്ങി. അഞ്ചു മിനിറ്റിനിടയിൽ രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയാണ് യംഗ് പുറത്തുപോയത്. ഇതിനുശേഷം, വൂൾവ്സിനു ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സ്മാളിംഗിന്റെ സെൽഫ് ഗോൾ അവരുടെ വിജയമുറപ്പിച്ചു.
തോൽവിയോടെ യുണൈറ്റഡിന്റെ ചാന്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ മങ്ങി. 32 കളിയിൽ 79 പോയിന്റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. ഒരു മത്സരം മാത്രം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 77 പോയിന്റുമായി പിന്നിലുണ്ട്. 32 കളിയിൽ 61 പോയിന്റുമായി യുണൈറ്റഡ് അഞ്ചാമതാണ്.