ന്യൂഡൽഹി: സൗദി അറേബ്യയുടെ ഏറ്റവും വലിയ എണ്ണക്കന്പനിയായ സൗദി ആരാംകോ ലോകത്തിലെ ഏറ്റവും ലാഭകരമായ കന്പനി. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവസ്റ്റേഴ്സ് സർവീസാണ് കഴിഞ്ഞ ദിവസം ആരാംകോ 11,111 കോടി ഡോളർ അറ്റ വരുമാനം നേടിയതായി പ്രഖ്യാപിച്ചത്.
ആപ്പിൾ (5,950 കോടി ഡോളർ), ആൽഫബെറ്റ് (3,70 കോടി ഡോളർ) എന്നിവയാണ് തൊട്ടു പിന്നിൽ. മറ്റ് എണ്ണക്കന്പനികളിൽ റോയൽ ഡച്ച് ഷെൽ 2,390 കോടി ഡോളറും എക്സോണ്‍ മൊബൈൽസ് 2,080 കോടി ഡോളറും നേടി.
എണ്ണ, വാതക മേഖലകളിൽനിന്ന് വരുമാനം കൂടുതൽ നേടാനുള്ള നടപടികൾ സ്വീകരിച്ചതാണ് ആരാംകോയെ വരുമാനത്തിൽ ഒന്നാമതെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ പലതും ആരാംകോയുടെ ഉടമസ്ഥതയിലാണ്.
2018ൽ പ്രതിദിനം 1.36 കോടി ബാരലായിരുന്നു ആരാംകോയുടെ ശരാശരി ഉത്പാദനം. റേറ്റിംഗ് ഉയർന്നത് സൗദിയിലെ മറ്റൊരു പെട്രോകെമിക്കൽ കന്പനിയായ സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസിന്റെ (സബിക്) 70 ശതമാനം ഓഹരികൾ വാങ്ങാനുള്ള തുക കണ്ടെത്താൻ ആരാംകോയ്ക്ക് സഹായകമാകും.