ജോണ്സണ് വേങ്ങത്തടം
കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെക്കുറിച്ച് എ. വിജയരാഘവൻ നടത്തിയ പരാമർശത്തോടെ സിപിഎമ്മിലും എൽഡിഎഫിലും എ.വിജയരാഘവൻ ഒറ്റപ്പെടുന്നു. എൽഡിഎഫ് ഘടകകക്ഷികളും വിജയരാഘവൻ അതിരുകടന്നുവെന്നു വ്യാഖ്യാനവുമായി രംഗത്തുണ്ട്. കോടിയേരി, എസ്. രാമചന്ദ്രൻപിള്ള, എ.കെ. ബാലൻ തുടങ്ങിയവരെല്ലാം വിജയരാഘവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിക്കുമെന്നാണ് പിണറായി വിജയന്റെ നിലപാട്.
മുന്നണി കണ്‍വീനർ പ്രത്യക്ഷമായിട്ടല്ലെങ്കിലും ഖേദപ്രകടനം നടത്തിയത് ഈ വിയോജിപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാൽ, ഇടതു ബുദ്ധജീവികൾ പോലും കടന്നാക്രമിച്ചിട്ടും പരമാർശം പിൻവലിക്കാൻ വിജയരാഘവൻ തയാറിയിട്ടില്ല. എൽഡിഎഫ് കണ്‍വീനറുടെ പരാമർശങ്ങളിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുമെന്നു പറഞ്ഞു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഒഴിഞ്ഞുമാറി.
അതു കൊണ്ടു തന്നെ പാർട്ടിക്കുള്ളിൽ വിജയരാഘവനെതിരേ ശക്തമായ അമർഷമാണ് പുകയുന്നത്. തെരഞ്ഞെടുപ്പു സമയത്ത് ഇത്തരമൊരു പ്രതികരണം നടത്തിയതു ശരിയായില്ലെന്ന അഭിപ്രായം ശക്തമാണ്. എന്നാൽ, പരസ്യമായി അഭിപ്രായം പറഞ്ഞു തെരഞ്ഞെടുപ്പിൽ തിരിച്ചടി നേടാൻ ശ്രമിക്കരുതെന്ന നിർദേശം പാർട്ടിഫോറങ്ങളിൽ നേതാക്കൾ നൽകിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി രമ്യ ഹരിദാസിനെ അപമാനിച്ചിട്ടില്ലെന്ന ധ്വനിയുമായി പോരാളി സഖാക്കൾ ഫേസ്ബുക്കിൽഎത്തുന്നത്.
എന്നാൽ, ഇതു വേണ്ടത്ര വിജയിക്കുന്നില്ലെന്നു മാത്രമല്ല, എൽഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. ഏതായാലും തെരഞ്ഞെടുപ്പു സമയത്തു ഒരു നടപടിയും ഉണ്ടാകില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിജയരാഘവന്റെ വിശദീകരണം കേൾക്കാനും ശാസിക്കാനും സാധ്യതയുണ്ടെന്നും അറിയുന്നു.
നേതാക്കളെല്ലാം വിജയരാഘവനെ തള്ളിപ്പറയാതെ കരുതലെടുക്കുന്നുണ്ടെങ്കിലും പറഞ്ഞത് കൂടിപ്പോയി എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകളെ തെറ്റായി വ്യാഖാനിച്ചതാണെന്നും സുഹൃത്തും സഹോദരിയുമാണ് രമ്യയെന്നും വിജയരാഘവൻ വിശദീകരിച്ചെങ്കിലും രാഷ്ട്രീയക്കളരിയിൽ അത് ഏശിയിട്ടില്ല.
രമ്യാ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവന്റെ അയ്യന്തോൾ ചുങ്കത്തെ വീട്ടിലേക്കു മാർച്ച് നടത്തിയിരുന്നു. പടിഞ്ഞാറേക്കോട്ടയിൽ ആരംഭിച്ച പ്രകടനം വീട് എത്തും മുൻപ് വെസ്റ്റ് പോലീസ് തടഞ്ഞു.
ഇതിനിടയിൽ ആലത്തൂർ ഡിവൈഎസ്പിക്കു രമ്യ പരാതി കൊടുത്ത ശേഷം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയെന്ന നിലയിൽത്തന്നെയാണ് താൻ അപമാനിതയായതെന്ന് രമ്യ പറയുന്നു. ആ കുട്ടി വേദനിച്ചെങ്കിൽ ഞാനും വേദനിക്കുന്നുവെന്നാണ് വിജയരാഘവന്റെ പുതിയ വിശദീകരണം.