പാങ്ങോട്: വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച മകനെ പാങ്ങോട് സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് ആലന്തറ പ്ലാവറ വീട്ടിൽ വിജയ(50 )നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന വിജയൻ മാതാവിനെ ക്രൂരമായി മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസം പാങ്ങോട് തണ്ണി ചാലിൽ താമസിക്കുന്ന മാതാവായ ഓമനയെ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ഓമനയെ നാട്ടുകാർ പോലീസിന്റെ സഹായത്തോടെ പാങ്ങോട് ഗവൺമെൻറ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമന ഉപയോഗിച്ചുവന്ന ഊന്നുവടി പിടിച്ചു വാങ്ങിയാണ് വിജയൻ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ വലതുകൈയുടെ എല്ല് പൊട്ടി. ഊന്നുവടി ഉപയോഗിച്ച് ഓമനയുടെ കഴുത്തിൽ അമർത്തിയതിനെ തുടർന്ന് തൊണ്ടയിൽ രക്തം കെട്ടിക്കിടക്കുന്നതായി പാങ്ങോട് ഗവൺമെൻറ് ആശുപത്രി അധികൃതർ പറഞ്ഞു.
പാങ്ങോട് സിഐ .എൻ സുനീഷ് ,എസ്ഐ .കെ രവികുമാർ ,എഎസ്ഐ ബാബു ,സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, നിസാർ, എന്നിവരുടെ നേതൃത്വത്തിലാണ് വിജയനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.