ഏ.ജെ. വിൻസൻ
കാഞ്ഞാണി (തൃശൂർ): പ്രിയതമന്റെ ഓർമകൾക്ക് ബലിതർപണം നടത്താൻ സജിനി മണികണ്ഠൻ കയ്യിലെടുക്കുന്നത് ബലിച്ചോർ മാത്രമല്ല; ഒരു കവിതാസമാഹാരം കൂടിയാണ്. ഈ കവിതകൾക്കും പ്രിയനാം നിൻ ഓർമകൾക്കും മരണമില്ലെന്ന് മനസിൽ ഉരുവിട്ട് സജിനി ഭർത്താവ് മണികണ്ഠന്റെ ഒന്നാം ശ്രാദ്ധദിനമായ നാലിന് പ്രണയാർദ്രം എന്ന കവിതാസമാഹാരം അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവന് സമർപ്പിക്കും.
പ്രണയം വാക്കിലും പ്രവൃത്തിയിലും നിറച്ച് ആ സ്നേഹം കൊതിതീരും വരെ അനുഭവിക്കുംമുന്പ് വിധി തട്ടിയെടുത്ത ഭർത്താവിന്റെ ഓർമകൾക്ക് മുന്നിലാണ് സജിനി പ്രണയാർദ്രം സമർപ്പിക്കുന്നത്. കാഞ്ഞാണി സെന്ററിലെ അന്തിക്കാട് റോഡിൽ ഹോട്ടൽ നടത്തുന്ന സജിനിയുടെ ഭർത്താവ് മണികണ്ഠൻ വാഹനാപകടത്തിലാണ് മരിച്ചത്. 20 കവിതകളുൾക്കൊള്ളുന്ന സമാഹാരമാണ് പ്രണയാർദ്രം.
മണികണ്ഠൻ മരിച്ച് ഒരു വർഷത്തിനുള്ളിൽ സജിനി എഴുതിയ സുമംഗലി, തിരുത്ത്, അണയാത്ത പ്രണയം എന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. ഹോട്ടലിലെ തിക്കുംതിരക്കുമൊഴിയുന്ന നേരത്തായിരുന്നു കവിതകൾ കുറിച്ചിരുന്നതെന്ന് സജിനി പറയുന്നു. മലയാളം ബി.എ ബിരുദധാരിയാണ് സജിനി. ബസ് കണ്ടക്ടറും കാഞ്ഞാണി സ്റ്റാൻഡിലെ ഗോപി ഉണ്ണിക്കണ്ണൻ എന്ന ഹോട്ടലുടമയുമായ മണികണ്ഠനും പ്രണയിച്ച് വിവാഹിതരായവരാണ്.
1997 ഏപ്രിൽ 25നായിരുന്നു ഇവരുടെ വിവാഹം. വാഹനാപകടം ഇവരുടെ ജീവിതത്തിൽ ഇരുൾ വീഴ്ത്തി. 2017 ജൂണ് എട്ടിന് കടയിലേക്കുള്ള സാധനങ്ങളുമായി വരുന്നതിനിടെ പാലക്കാട് കുഴൽമന്ദത്തുവച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ മണികണ്ഠൻ ആറുമാസം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലും നാലുമാസം വീട്ടിലൊരുക്കിയ മിനി വെന്റിലേറ്ററിലും കിടന്നു. കഴിഞ്ഞ വർഷം മാർച്ച് 18ന് മണികണ്ഠൻ സജിനിയെ തനിച്ചാക്കി നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായി.
ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നവൻ യാത്രയിലെപ്പോഴോ തനിച്ചാക്കി കടന്നുപോയപ്പോൾ ജീവിതത്തെ പകപ്പോടെ നോക്കാനെ സജിനിക്ക് കഴിഞ്ഞുള്ളു. ചികിത്സാചിലവും കടവും എല്ലാം മുന്നിൽ വന്നു നിന്നപ്പോൾ കഴിഞ്ഞ ഓഗസ്റ്റ് 17ന് വീടിനോടു ചേർന്നുള്ള ഹോട്ടൽ സജിനി സഹോദരൻ സജിത്തിന്റെ സഹായത്തോടെ നടത്താൻ തുടങ്ങി. മണികണ്ഠനൊപ്പം ഹോട്ടൽ നടത്തിയുള്ള പരിചയവും ധൈര്യവും മുതൽക്കൂട്ടായി.
പൊറോട്ടയൊഴികെ എല്ലാം സജിനി തയാറാക്കും. ഹോട്ടൽ തരക്കേടില്ലാതെ മുന്നോട്ടുപോകുന്നതുകൊണ്ട് കടങ്ങളെല്ലാം കുറച്ചുകുറച്ചായി വീട്ടാനായെന്നും മക്കളെ പഠിപ്പിക്കുന്നുണ്ടെന്നും സജിനി പറഞ്ഞു.ബി എക്ക് പഠിക്കുന്ന ഹൃദ്വിനും പ്ലസ് വണ് വിദ്യാർഥിയായ തേജസുമാണ് മക്കൾ. ഹോട്ടലിലെ തിരക്കിനും മക്കളുടെ കാര്യങ്ങൾ നോക്കുന്നതിനുമിടയിലും സജിനിയുടെ മനസിൽ കവിതയുടെ നിലാവ് പെയ്തൊഴിയാതെ നിന്നിരുന്നു.
എന്നാൽ ഒരു പുസ്തകമിറക്കാനുള്ള സാന്പത്തിക പ്രതിസന്ധി സജിനിയെ അലട്ടി. സജിനിയുടെ മനസ് കണ്ടറിഞ്ഞ സഹോദരൻ സമാഹാരം അച്ചടിക്കാനുള്ള ചെലവ് വഹിക്കാൻ തയാറായതോടെ പ്രണയാർദ്രമായ കവിതകൾ അച്ചടിമഷി പുരണ്ടു. ദായി ചാരിറ്റബിൾ ട്രസ്റ്റ്, കാഞ്ഞാണി നന്മ സാംസ്ക്കാരിക വേദി, കാഞ്ഞാണിയിലെ സാംസ്കാരിക പ്രവർത്തകർ, വ്യാപാരികൾ, ഹോട്ടൽ അസോസിയേഷൻ എന്നിവരെല്ലാം സജിനിയുടെ കവിത സമാഹാരം പുറത്തിറക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
നാലിന് വൈകീട്ട് മൂന്നിന് സജിനിയുടെ വീട്ടുമുറ്റത്താണ് പ്രകാശനചടങ്ങ്. തങ്ങൾ സ്വർഗമാക്കി മാറ്റിയ വീടിനേക്കാൾ നല്ലൊരു വേദി പ്രകാശനത്തിനില്ലെന്ന് സജിനി വിശ്വസിക്കുന്നു. കവിതയ്ക്കു പുറമെ സജിനി ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. വിവിധ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രണയാർദ്രം പ്രകാശനം ചെയ്യുന്നത് കവി ഡോ.സി.രാവുണ്ണിയാണ്. സിനിമസംവിധായകൻ ശ്രീജിത്ത് ചാഴൂർ സ്വീകരിക്കും. നക്ഷത്രങ്ങൾക്കിടയിലിരുന്ന മണികണ്ഠൻ പ്രണയാർദ്രമായ മനസോടെ തന്റെ പ്രിയതമയുടെ സ്നേഹാക്ഷരങ്ങൾ ഹൃദയത്തിലേക്കേറ്റു വാങ്ങും.