തൃശൂർ: അല്ലെങ്കിലും സിനിമ തുടങ്ങി ഉടനെയൊന്നും നായകന്റെ എൻട്രിയുണ്ടാവില്ല. ഏറ്റവും നിർണായക ഘട്ടത്തിൽ എതിരാളികൾ കരുത്താർജ്ജിച്ചു തുടങ്ങുന്പോൾ ഒരു നായകനെ കിട്ടിയിരുന്നെങ്കിലെന്ന് ആളുകൾ ആഗ്രഹിക്കുന്പോഴാണ് നായകന്റെ മാസ് എൻട്രിയുണ്ടാകാറുള്ളത്.
എത്രയോ സുരേഷ് ഗോപി സിനിമകളിൽ കണ്ടിട്ടുള്ള കിടിലൻ ഇൻട്രാഡക്ഷൻ സീനുകളുടെ ആവർത്തനമാണ് തൃശൂർ ലോക്സഭ സീറ്റിൽ ബിജെപിയുടെ സ്ഥാനാർഥിയായി അദ്ദേഹത്തിന്റെ വരവ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട തൃശൂർ സീറ്റിന് ഇനി രക്ഷകനാര് എന്ന് പാർട്ടിക്കാർ ആകാംക്ഷയോടെയും വേവലാതിയോടെയും ഉറ്റുനോക്കിയിരിക്കുന്പോഴാണ് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ശക്തന്റെ മണ്ണിലേക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻഹീറോയെത്തുന്നത്.
വൈകിയെത്തിയതിന്റെ ക്ഷീണം സുരേഷ്ഗോപിയുടെ താരപരിവേഷം കൊണ്ടും ജനകീയ ഇടപെടൽ കൊണ്ടും രണ്ടു ദിവസത്തിനകം നികത്തിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. രാഷട്രീയ നേതാവെന്നതിനേക്കാൾ സാധാരണ ജനങ്ങൾക്കിഷ്ടമുള്ള പരിവേഷത്തിൽ പ്രചരണത്തിന് മുൻതൂക്കം നൽകാനാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്. വൈകിയവേളയിൽ ജനങ്ങളെ കൈയിലെടുക്കുകയെന്നതാണ് പ്രധാനമെന്ന് നേതാക്കൾ പറയുന്നു.
അതുകൊണ്ടുതന്നെ നാളെ നാമനിർദ്ദേശ പത്രികസമർപ്പണത്തിന് മുന്നോടിയായി തൃശൂർ നഗരത്തിലേക്ക് സുരേഷ്ഗോപിയുടെ ഒരു മാസ് എൻട്രിയാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും.തുഷാർ വെള്ളാപ്പള്ളി മാറിയതിനെ തുടർന്ന് തൃശൂരിലേക്ക് നിയോഗിക്കപ്പെട്ട സുരേഷ്ഗോപിക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് നിറവേറ്റാനുള്ളത്.
പാർട്ടി എ വണ് മണ്ഡലമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പ്രതീക്ഷിച്ച മണ്ഡലമായ തൃശൂരിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന്റെ 48 മണിക്കൂർ മുന്പുമാത്രം കിട്ടിയ സ്ഥാനാർഥിയെന്ന നിലയിൽ സുരേഷ്ഗോപിക്ക് എത്രമാത്രം വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നത് പ്രധാന ചോദ്യമാണെങ്കിലും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.
കേന്ദ്ര നേതൃത്വത്തിന്റെ എല്ലാ ആശീർവാദങ്ങളോടും കൂടിയാണ് സുരേഷ്ഗോപിയുടെ തൃശൂർ എൻട്രി. തൃശൂർ ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ പ്രചാരണത്തിൽ അതിദൂരം മുന്നേറിയിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ വിശ്വാസം.