കുന്നിക്കോട് : കൊല്ലം ചെങ്കോട്ട റെയില്‍ പാതയില്‍ കാര്യറയില്‍ ലെവല്‍ക്രോസ് വേണമെന്ന ആവശ്യം ശക്തമാകുന്നു.വിളക്കുടി പഞ്ചായത്തിനെ രണ്ടാക്കി കടന്നുപോകുന്ന പുനലൂര്‍ കൊല്ലം ബ്രോഡ്ഗേജ് പാതയ്ക്ക് കുറുകെയാണ് ലെവല്‍ക്രോസ് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഇവിടെ ലെവല്ക്രോസോ ഓവര്‍ബ്രിഡ്ജോ ഇല്ലാത്തതിനാല്‍ കാര്യറ നിവാസികള്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ വിളക്കുടിയിലെത്തണമെങ്കില് പത്ത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്.കാര്യറ മണ്ണാംങ്കുഴിയില് ലെവല്‍ക്രോസ് വന്നാല്‍ ഈ ദൂരം രണ്ട് കിലോമീറ്ററായി ചുരുങ്ങും.
പ്രദേശവാസികള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രം,വില്ലേജ്ഓഫീസ്,മൃഗാശുപത്രി എന്നിവിടങ്ങളില്‍ എത്താനും ഏറെ ബുദ്ധിമുട്ടാണ്.നിലവില്‍ ആവണീശ്വരം,കുന്നിക്കോട് വഴിയോ പേപ്പര്‍മില്‍,പുനലൂര്‍ വഴിയോ ആണ് ആളുകള്‍ വിളക്കുടിയിലെത്തുന്നത്.വിളക്കുടി ഹൈസ്ക്കൂളിലേക്കും വിവിധ ഓഫീസുകളിലേക്കും ദിവസേന നിരവധി വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഇതുവഴി കടന്നു പോകുന്നുണ്ട്.ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുണ്ട്.
റെയില്‍വേ പാതയുടെ ഇരുവശങ്ങളിലും ഉയരത്തില്‍ മണ്‍തിട്ടകള്‍ ആയതിനാല്‍ തന്നെ നിര്‍മ്മാണം വേഗത്തില്‍ സാധ്യമാകും.പുനലൂര്‍ ചുറ്റാതെ വേഗത്തില്‍ കൊല്ലം തിരുമംഗലം ദേശീയ പാതയിലെത്താനുള്ള വഴിയാണിത്.നിരവധി തവണ സംസ്ഥാന കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പ്രദേശവാസികളുടെ നേതൃത്വത്തില്‍ നിവേദനങ്ങളും നല്‍കിയിരുന്നു.
കഴിഞ്ഞ നിയമസഭാ,ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ലെവല്‍ക്രോസ് എന്നത്.ബ്രോഡ് ഗേജിന്റെ നിര്‍മ്മാണ വേളയില്‍ ലെവല്‍ ക്രോസ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിരുന്നില്ല.കാര്യറയില്‍ മേല്‍പ്പാലമെന്ന ആവശ്യവുമായി സര്‍വകക്ഷിയോഗം ചേര്‍ന്ന് എം.പിയെയും എം.എല്‍.എയെയും നാട്ടുകാര്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.