ലക്നോ: യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് നേതാവിനെ രംഗത്തിറക്കി ബിജെപി. ലോകസഭാ തെരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മുൻ കോൺഗ്രസ് എംഎൽസി ദിനേഷ് പ്രതാപ് സിംഗിനെയാണ് ബിജെപി ഇറക്കിയിരിക്കുന്നത്. അംസഘട്ടിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ബോജ്പുരി ഗായകൻ ദിനേഷ് ലാൽ യാദവും മത്സരിക്കും.
റെയ്ബറേലി, മെയ്ൻപുരി, അസംഘട്ട് തുടങ്ങിയ പ്രധാന മണ്ഡലങ്ങൾ ഉൾപ്പെടെ ആറ് ഇടത്തെ സ്ഥാനാർഥികളെയാണ് ബുധനാഴ്ച ബിജെപി പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ അഞ്ചും മഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലേയും സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ദിനേശ് പ്രതാപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രണ്ടു വട്ടം അദ്ദേഹം കോൺഗ്രസിന്റെ എംഎൽസിയായി നിയമസഭയിലെത്തിയിട്ടുണ്ട്.