മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയും പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് തീരുമാനമെടുത്തത്. പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.
സംഘപരിവാർ വെറുപ്പ് ഒരു ആയുധമായി വികസിപ്പിച്ചെടുത്തിരിക്കുകയാണെന്ന് എഎപി നേതാവ് സുധീർ സാവന്ത് പറഞ്ഞു. നിഷ്കളങ്കരായ ആളുകളെ പശു സംരക്ഷണ ഗുണ്ടകൾ ക്രൂരമായാണ് ആക്രമിക്കുന്നത്.
ഇതിലൂടെ വിഭജനം സൃഷ്ടിക്കുകയുമാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആസൂത്രണബോർഡിനെ ഇല്ലാതാക്കി, റിസർവ് ബാങ്കിൽ നുഴഞ്ഞുകയറി, സിബി, സുപ്രിം കോടതി ഇപ്പോൾ സൈന്യത്തിൽവരെ എത്തിനിൽക്കുകയാണിതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി സൈന്യത്തെ നാണമില്ലാതെ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സൈന്യത്തെ അപമാനിക്കുകയുണ്ടായി.
യുദ്ധത്തിൽ പങ്കെടുക്കാൻ തന്റെ അനുയായികളെ വിടാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് മോദിയുടെ സൈന്യമെന്നായിരുന്നു-സുധീർ സാവന്ത് പറഞ്ഞു.