ആലപ്പുഴ : നിശ്ചയിക്കപ്പെട്ട വിലയ്ക്ക് അനുസൃതമായാണോ പെട്രോൾ പന്പുകളിൽ ഇന്ധനം വിൽക്കുന്നതെന്ന് ഉറപ്പാക്കാൻ സാധാരണ പരിശോധന കൂടാതെ പ്രത്യേക മിന്നൽ പരിശോധനകൾ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ലീഗൽ മെട്രോളജി കണ്‍ട്രോളർക്ക് നിർദേശം നൽകി. കൃത്യഅളവിൽ ഇന്ധനം ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
പെട്രോൾ പന്പുകളിൽ മിന്നൽ പണിമുടക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ അവശ്യസർവീസ് പട്ടികയിൽ ഉൾപ്പെടുത്തി പന്പ് തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകണമെന്നും കമ്മീഷൻ പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
അവശ്യസർവീസ് നിയമപ്രകാരം നടപടിയെടുക്കാൻ ജില്ലാഭരണകൂടങ്ങൾക്ക് അധികാരമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ എല്ലാ പെട്രോൾ പന്പുകളിലും ഇന്ധനത്തിന്റെ നിലവാരം പരിശോധിക്കാൻ ഫിൽറ്റർപേപ്പറും പരാതി പുസ്തകവും സെയിൽ ഉദ്യോഗസ്ഥന്റെ വിലാസവും പ്രദർശിപ്പിക്കണമെന്നും കമ്മീഷൻ പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവൽ നൽകിയ പരാതിയിലാണ് നടപടി. ഹിന്ദുസ്ഥാൻ പെട്രോളിയം, ലീഗൽ മെട്രോളജി, പൊതുവിതരണ ഡയറക്ടർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. പെട്രോൾ പന്പുകളിൽ അളവിൽ കൃത്രിമം നടക്കുന്നുണ്ടെന്ന പരാതി പൊതുവിതരണ ഡയറക്ടർ നിഷേധിച്ചു. ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ അറിയിച്ചു.