കോഴിക്കോട്: തനിക്കെതിരേ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെ കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പുകമ്മീഷന് ജില്ലാകളക്ടറോട് വിശദീകരണം തേടി. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ജില്ലാവരണാധികാരികൂടിയായ ജില്ലാകളക്ടര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
നഗരത്തിലെ വസ്തു ഇടപാടിന് രാഘവന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും അഞ്ചുകോടി ആവശ്യപ്പെട്ടുവെന്നും ദേശീയമാധ്യമമാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത്. ഇതിനെതിരേയാണ് രാഘവന് കമ്മീഷനും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയത്. അതേസമയം വ്യാജവാര്‍ത്തയെയും വ്യക്തിഹത്യാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് രാഘവന് അറിയിച്ചു.
ഹോട്ടലിനു സ്ഥലം വാങ്ങി നല്കാന് താന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതായി തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു പൊതുജീവിതം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ ഉള്‍പ്പെടെ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ ഓഫിസ് സദാ ജാഗരൂകമാണ്.
അതുകൊണ്ട് ആരു സഹായം ചോദിച്ചാലും ഓഫിസ് സ്റ്റാഫിനെ സമീപിക്കാനാണ് പറയാറുള്ളത്. എനിക്ക് സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല. ഇതിനു പിന്നില്‍ വേറെ ആളുകളുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും എം.കെ. രാഘവന് പറഞ്ഞു.