കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് നഗരത്തിൽ വൻകിട വ്യാപാരസ്ഥാപനത്തിൽ വിദ്യാർഥികളെ തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ഇന്നലെ വെസ്റ്റ് പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്.
സംഭവം നടന്നതെന്നു പറയുന്ന ഭാഗത്തെ ദൃശ്യങ്ങൾ പോലീസിനു മുന്നിൽ ആരോപണ വിധേയരായവർക്ക് സമർപ്പിക്കുവാൻ കഴിഞ്ഞില്ല. നഗരത്തിലെ ഒരു വൻകടയിൽനിന്നു മിഠായി വാങ്ങിയിറങ്ങിയ കുട്ടികളെ മോഷണക്കുറ്റം ആരോപിച്ചു തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചെന്നാണു പരാതി.
14, 12 വയസുള്ള ആണ്‍കുട്ടികളെയാണു സഹോദരിമാരുടെ മുന്നിൽ മോഷണം ആരോപിച്ചു വസ്ത്രമഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ കുട്ടികൾ വെസ്റ്റ് പോലീസിലും ജില്ലാ ശിശുക്ഷേമ സമിതിക്കും പരാതി നൽകി. കുട്ടിയുടെ പിതാവും ഇതുസംബന്ധിച്ച് വെസ്റ്റ് പോലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി.
കുട്ടികൾ മിഠായി വാങ്ങി പുറത്തിറങ്ങിയപ്പോൾ രണ്ടു സെക്യൂരിറ്റിക്കാർ പുറകെ വന്നു തടഞ്ഞു നിർത്തി ആണ്‍കുട്ടികളുടെ ഷർട്ടും ബനിയനും അഴിച്ച് പരിശോധിച്ചു. മോഷ്ടാക്കളോടെന്ന പോലെ പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നു.
അനുപമ തിയേറ്ററിനു സമീപമുള്ള ഒരു പ്രമുഖ കടയിൽനിന്നാണ് കുട്ടികൾ മിഠായി വാങ്ങിയത്. കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കുട്ടികളുടെ ബന്ധുക്കൾ പറയുന്നു.കടയ്ക്കു മുന്നിൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം കുട്ടികളെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നു വ്യാപാര സ്ഥാപനം പ്രതികരിച്ചു.