വൈപ്പിൻ: ഫോർട്ട് വൈപ്പിനിൽ റോ റോ ജങ്കാർ ജെട്ടിക്ക് സമീപം വാഹന പാർക്കിംഗ് കേന്ദ്രം സജ്ജമാക്കാൻ ഉദേശിച്ച സ്ഥലം കൊച്ചി ജലമെട്രോയ്ക്കു വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന് ഫോർട്ട് വൈപ്പിൻ നിവാസികൾ. കൊച്ചിമെട്രോ അധികൃതർ ജലമെട്രോയുമായി ബന്ധപ്പെട്ട ബോർഡ് സ്ഥാപിച്ച് സ്ഥലം സ്വന്തമാക്കിയതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.
യാതൊരു കാരണവശാലും പാർക്കിംഗ് കേന്ദ്രമല്ലാതെ ഈ സ്ഥലത്ത് മറ്റൊരു നിർമാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. ജങ്കാറിൽ കയറാൻ മണിക്കൂറുകളോളം റോഡരികിൽ വിരിനിൽക്കുന്ന വാഹനങ്ങൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ജെട്ടിയോട് ചേർന്നുള്ള സ്ഥലം പാർക്കിംഗ് കേന്ദ്രമാക്കാൻ നിർദേശയമുയർന്നത്.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന യാത്രക്കാർ കുട്ടികളുടെ ഡയപ്പറും മറ്റ് വേസ്റ്റുകളും റോഡുകളിൽ ഉപേക്ഷിക്കുകയോ തൊട്ടടുത്ത വീട്ടുവളപ്പുകളിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. ഇത് മേഖലയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ മറ്റൊരു പരാതി.
പാർക്കിംഗ് കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ട് ഉത്തരവാദിത്തപ്പെട്ട കൊച്ചിൻ കോർപ്പറേഷനു മുന്നിൽ പലകുറി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നു പൊതുപ്രവർത്തകനായ ജോണി വൈപ്പിൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഇതിനിടയിലാണ് മെട്രോ അധികൃതർ നിർദിഷ്ട സ്ഥലത്ത് കഴിഞ്ഞ ദിവസം ബോർഡ് സ്ഥാപിച്ചത്.