കളമശേരി: ബിവറേജ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിലെ സ്റ്റോക്ക് വ്യത്യാസം കണ്ടെത്തിയതിന് ശിക്ഷാ നടപടിയായി ജീവനക്കാരിൽനിന്ന് തുക ഈടാക്കാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കലൂർ ചില്ലറ വിൽപ്പനശാലയിലെ ജീവനക്കാർ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഇടക്കാല ഉത്തരവ്.
ജീവനക്കാരായ ജി. ശിവകുമാർ, ബാബു എന്നിവരാണ് കോടതിയെ സമീപിച്ചത്. ആറ് ജീവനക്കാർ വേണ്ടിടത്ത് രണ്ടു ജീവനക്കാരെ മാത്രമേ കലൂരിൽ നിയമിച്ചിട്ടുള്ളുവെന്നും ജോലി ഭാരം കാരണം സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കാനാകുന്നില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇത് അംഗീകരിച്ചാണ് താൽക്കാലിക ഉത്തരവ് നൽകിയിരിക്കുന്നത്.
2018 ഏപ്രിൽ ഒന്ന് മുതൽ ജൂലൈ 13 വരെ 4.23 ലക്ഷം രൂപയുടെ കുറവാണ് സ്റ്റോക്കിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇവിടെയുള്ള ജീവനക്കാരിൽനിന്ന് 1.90 ലക്ഷം രൂപ വീതം പിടിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ കാലയളവിൽ ചില്ലറ വിൽപ്പനശാലയിൽ ഒരു മാനേജർ പോലുമില്ലായിരുന്നു. രണ്ടു സെയിൽസ്മാൻ മാത്രമാണ് ഉണ്ടായിരുന്നത്.
കൂടാതെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെയും വിൽപനയിൽ സഹായിക്കാനായി കോർപ്പറേഷൻ ചുമതലപ്പെടുത്തിയിരുന്നു. അതിനാൽ ശിക്ഷാ നടപടികൾ റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു.