തൃശൂർ: ചിയ്യാരം ഇന്നുണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ട്. നീതുവെന്ന പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്ന് ക്രൂരമായ വാർത്ത കേട്ട് ഞെട്ടാത്തവരില്ല. അമ്മ നേരത്തെ മരിച്ചുപോയ നീതു പഠിച്ച വലിയ ആളാകണമെന്ന സ്വപനങ്ങളോടെ മുന്നോട്ടുപോകുന്പോഴായിരുന്നു അഗ്നിശലഭമായി നീതു ഈ ഭൂമിയിൽ നിന്നു തന്നെ പാറിപ്പറന്നുപോയത്.
രാവിലെ കോളജിൽ പോകാനായി പതിവായി എഴുനേറ്റ് അടുക്കളപ്പണി ചെയ്യാറുള്ള നീതു ഇന്നും അതിനായി എഴുനേറ്റപ്പോഴാണ് കൊല്ലപ്പെട്ടത്. വീടിനെക്കുറിച്ചും രീതികളെക്കുറിച്ചും നന്നായി അറിയാവുന്ന പ്രതി നേരത്തെ തന്നെ കൃത്യം നടത്താനായി വീട്ടിലെത്തിയിരുന്നതായാണ് സൂചന. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പിനും മറ്റും കൊണ്ടുപോയി.
ചിയ്യാരം നിവാസികളായ നാട്ടൂകാർ പ്രതിക്കു നേരെ കയ്യേറ്റം നടത്താനിടയുള്ളതിനാൽ കനത്ത പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുപോയത്. മകൾ മരിച്ച ശേഷം പേരക്കുട്ടിയെ പൊന്നുപോലെ വളർത്തിക്കൊണ്ടുവന്ന അമ്മൂമയ്ക്ക് സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
നീതു പതിവുപോലെ ഉണർന്നെഴുനേറ്റ് അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോൾ ഇനിയൊരിക്കലും പേരക്കുട്ടിയെ ജീവനോടെ കാണാനാകില്ലെന്ന് ആ വൃദ്ധ കരുതിയതല്ല. ജീവനറ്റ നീതുവിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ട് അലറി നിലവിളിച്ച അമ്മൂമയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും അയൽവാസികൾക്കും കഴിഞ്ഞില്ല.
കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ വീടിന്റെ വാതിൽ പൂട്ടിയതും അയൽവാസികൾ എത്തിയതും രക്ഷപ്പെടാനുള്ള വഴിയില്ലാതാക്കി.