കൊടകര: അങ്കമാലി – മണ്ണുത്തി നാലുവരി പാതയാക്കി ടോൾ പിരിവു തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ദേശീയപാതയിലെ പോരായ്മകളും പ്രശ്നങ്ങളും ഇപ്പോഴും സുഗമമായ യാത്രയ്ക്കു തടസമാകുന്നു.വഴി വിളക്കുകൾ അറ്റകുറ്റപണി നടത്താത്തതിനാൽ നിരന്തരമെന്നോണം അപകടങ്ങൾ വർധിക്കുകയാണ്. സർവീസ് റോഡുകളുടേയും കാനകളുടേയും നിർമാണമടക്കം ഒട്ടേറെ പണികൾ ഇപ്പോഴും ബാക്കിയാണ്.
കൊടകര മേഖലയിലെ കൊളത്തൂർ മുതൽ പേരാന്പ്ര വരെ പലയിടങ്ങളിലും സർവീസ് റോഡുകൾ ഇപ്പോഴും അപൂർണമാണ്. സർവീസ് റോഡുകളുടെ നിർമാണത്തിനായി കലുങ്കുകൾ നിർമിക്കാനെടുത്ത കുഴികൾ യാത്രക്കാർക്ക് മരണക്കെണിയായി മാറി. കൊളത്തൂർ സെന്റർ മുതൽ ഉളുന്പത്തുകുന്ന് വരെയുള്ള ഭാഗത്ത് ഇതുവരെ സർവീസ് റോഡുകൾ നിർമിച്ചിട്ടില്ല. കൊളത്തൂർ മേഖലയിൽ പതിവായി അപകടങ്ങൾ നടക്കുന്നതിന്റെ പ്രധാന കാരണവും തുതന്നെയാണ്.
അനധികൃത യൂടേണുകളും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഉളുന്പത്തുകുന്ന് അടക്കം പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള അനധികൃത യൂടേണുകളുണ്ട്. സർവ്വീസ് റോഡുകളുള്ള ഭാഗത്ത് അവക്ക് കുറുകെ ചെറിയ തോടുകൾ കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം കലുങ്കുനിർമാണത്തിനായി കുഴിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ കുഴികളിൽ കോണ്ക്രീറ്റിംഗിനായി വലിയ ഇരുന്പുകന്പികൾ നാട്ടിയത് യാത്രക്കാരുടെ ജീവനുനേരെ ഭീഷണിയായി ഉയർന്നുനിൽക്കുകയാണ്.
കൊടകര പോലിസ് സ്റ്റേഷനു സമീപം സർവ്വീസ് റോഡിനോടുചേർന്ന് കാനനിർമ്മിക്കാത്തതിനാൽ യാത്രക്കാർ റോഡരുകിലെ ഗർത്തത്തിലേക്കു വീഴാവുന്ന സ്ഥിതിയാണുള്ളത്.നെല്ലായി തൂപ്പൻകാവ് പാലത്തിനോട് ചേർന്ന് സർവ്വീസ് റോഡിനായി നിർമ്മാണം തുടങ്ങിയ പാലം ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നു. ബി.ഒ.ടി.പാതയാക്കി വികസിപ്പിച്ചതിനു ശേഷം ദേശീയപാതയിലെ പേരാന്പ്ര, പെരിങ്ങാകുളം, ഉളുന്പത്തുകുന്ന്, കൊളത്തൂർ, നെല്ലായി എന്നിവിടങ്ങളിലായി ആയിരത്തോളം അപകടങ്ങളാണുണ്ടായിട്ടുള്ളത്.
കൊടകര പോലിസ്സ്റ്റേഷന്റെ പരിധിയിലെ നെല്ലായി മുതൽ പേരാന്പ്ര നാടുകുന്ന് വരെയുള്ള ഭാഗത്ത് കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള അപകടങ്ങളിൽ മിക്കതും ദേശീയപാത അധികൃതരുടെ അനാസ്ഥയും അശാസ്ത്രീയ നടപടികളും മൂലമാണ്. പാതവിളക്കുകൾ പലയിടത്തും പ്രകാശിക്കാത്തതിനാൽ ദേശീയപാത പലയിടത്തും ഇരുട്ടിലാണ്. വാഹനമിടിച്ചും സാങ്കേതിക തകരാറുകൾ മൂലവും കേടാവുന്ന പാതവിളക്കുകൾ യഥാസമയം നന്നാക്കി ദേശീയപാതയിൽ വെളിച്ചം ലഭ്യമാക്കുന്നതിലും അധികൃതരുടെ അനാസ്ഥ തുടരുന്നു.
കേടുവന്ന വിളക്കുകാലുകൾ പാതയോരത്ത് അലക്ഷ്യമായി ഇട്ടിരിക്കയാണ്.കൊളത്തൂർ മുതൽ നെല്ലായി വരെയുള്ള ചിലയിടങ്ങളിൽ പാതവിളക്കുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് അടക്കമുള്ള സഹായം ആവശ്യപ്പെടുന്നതിനായി പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള എസ്ഒഎസുകൾ നോക്കുകുത്തികളായി നിലകൊള്ളുകയാണ്.