കുളത്തൂപ്പുഴ: പൊതുജനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന പ്രഖ്യാപനം വാഗ്ദാനം മാത്രമായി മാറിയതോടെ ഗ്രാമപ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കും വനമേഖലകളിലേക്കും ഇത്തരം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് സാധാരണമാകുന്നു. പൊതുനിരത്തുകളിലും വീട്ടുവളപ്പുകളിലും പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് നിത്യസംഭവമായി മാറുന്നു.
മാസങ്ങള്‍ക്ക് മുമ്പ് കുളത്തുപ്പുഴയിലെ ആദിവാസി മേഖലയില്‍ കരിമ്പനിബാധ കണ്ടെത്തിയപ്പോഴാണ് വിവിധ വകുപ്പുകള്‍ പ്രദേശത്ത് പരിശോധന നടത്തുകയും ശരിയായ ശുചിത്വം പാലിക്കാത്തതും ശാസ്ത്രീയമായ രീതിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്താത്തതുമാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനു കാരണമെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ശുചിത്വ മിഷന്റെ സഹായത്തോടെ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും മർച്ചന്റ്സ് അസോസിയേഷന് സഹായ വാഗ്ദാനവുമായി രംഗത്തെത്തുകയും ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക് കവറുകളും സാധനങ്ങളും ശേഖരിച്ച് നൽകിയാൽ ജില്ലാ സ്ക്രാപ്പ് മരച്ചന്റ്സ് അസോസിയേഷന് ഇവ ഏറ്റെടുത്ത് സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് ഉറപ്പു നൽകിയതായും ശുചിത്വമിഷൻ അധികൃതർ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വീടുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കുടുംബശ്രി വഴി പഞ്ചായത്തിലെ ഒരു സ്ഥലത്ത് എത്തിച്ച് വിൽപനക്കാർക്ക് കൈമാറുന്നതിന് ഗ്രാമപഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കുന്നതിനോ സംസ്കരിക്കുകുന്നതിനോ യാതൊരു നടപടിയും ഉണ്ടായില്ല.
നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് യാതൊരുവിധ ൌസൗകര്യവും പ്രദേശത്തില്ലാത്തതിനാല് സാധാരണ ജനങ്ങളില്‍ ഭൂരിഭാഗവും ഇവ തങ്ങളുടെ സമീപത്ത് തന്നെ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. ടൗണുകളിലെ കടകളില്‍ നിന്നുമുള്ല പ്ലാസ്റ്റിക് കവറുകളും ഇത്തരത്തില്‍ കത്തിച്ചു തീര്‍ക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ടോക്സിനുകളും വിഷവാതകങ്ങളും അന്തരീക്ഷത്തില്‍ പടരുകയും ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന തിരിച്ചറിവുള്ല അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം ഇനിയും ശരിയായ വിധത്തില്‍ നടപ്പില്‍ വരുത്താനോ പ്ലാസ്റ്റിക് സംസ്കരണത്തിന് സൗകര്യമൊരുക്കാനോ തയാറാകാത്തതു പൊതുജനങ്ങളില്‍ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട് .