ഇരിട്ടി: മതങ്ങള്‍ക്കും വിശ്വാസത്തിനുമപ്പുറം നമ്മള് ഒന്നാണെന്ന ബോധമാണ് നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നതെന്ന് ഫോക്ലോര് അക്കാദമി മുന്‍ ചെയര്മാന് പ്രഫ. മുഹമ്മദ് അഹമ്മദ് പറഞ്ഞു. കീഴൂര്‍ മഹാദേവക്ഷേത്രം ഇരുപത്തി അഞ്ചാം വാര്‍ഷിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തിലും മായം കലര്‍ന്ന ഈ കാലത്ത് അസ്വസ്ഥമായ മനസുകളില്‍ ശാന്തിയുടെ അലകള്‍ സൃഷ്ടിക്കുവാന്‍ ക്ഷേത്രങ്ങള്‍ക്കു കഴിയുന്നു. പള്ളികളോ അമ്പലങ്ങളോ അല്ല ഇന്ന് നമുക്കു ചുറ്റും കാണുന്ന നിരവധിയായ പ്രശ്ങ്ങള്‍ക്കു കാരണം. മനസിന്റെ ഉള്ളില്‍ ഉടലെടുക്കുന്ന അധികാരഭാവമാണ് ഇവിടെ പലതിനും തടസമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസന്‍ വാഴുന്നവര്‍ അധ്യക്ഷത വഹിച്ചു.
പുതുക്കിപ്പണിത നടപ്പന്തലിന്റെ സമര്‍പ്പണം തന്ത്രി വിലങ്ങര നാരായണന് ഭട്ടതിരിപ്പാട് നിര്‍വഹിച്ചു. സേവാപ്രവത്തിന്റെ ഭാഗമായി നാല് നിര്‍ധനകുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ക്ഷേത്ര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.
എം. ബാബു, എം.പി. മനോഹരന്, ഡോ. ബി.പി. മണ്ഡല് എന്നിവര്‍ പ്രസംഗിച്ചു. കെ.ഇ. നാരായണന്, എം. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. എട്ടുദിവസത്തെ ഉത്സവത്തിനു തുടക്കം കുറിച്ച് ഇന്നു വൈകുന്നേരം നാലിന് കലവറ നിറക്കല്‍ ഘോഷയാത്രയും രാത്രി എട്ടിന് കൊടിയേറ്റവും നടക്കും.