ചാരുംമൂട്: ലക്ഷങ്ങൾ വിനിയോഗിച്ചു നിർമിച്ച ഇ ടോയ്ലറ്റ് നോക്കുകുത്തിയാകുന്നു. ജനത്തിരക്കേറിയ ചാരുംമൂട് ജംഗ്ഷന് വടക്കുവശം സ്ഥാപിച്ച ഇ ടോയ്ലറ്റാണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. യാത്രക്കാർ ഉൾപ്പടെ ജംഗ്ഷനിൽ എത്തുന്നവർ പ്രാഥമിക ആവശ്യം നിറവേറ്റാൻ സൗകര്യമില്ലാതെ ദുരിതത്തിലാകുന്പോഴാണിത്.
ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ 2012-13 ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവിടെ ഇ ടോയ്ലറ്റ് സ്ഥാപിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ചാരുംമൂട് ജംഗ്ഷനു വടക്ക് ഭാഗത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്താണ് ഇ ടോയ്ലറ്റ് സ്ഥാപിച്ചിട്ടുള്ളത്.
അഞ്ചുലക്ഷം രൂപയോളമാണ് നിർമാണത്തിനായി ചെലവഴിച്ചത്. കെൽട്രോണിനായിരുന്നു നിർമാണ കരാർ. നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് പൊതുജനങ്ങൾക്ക് ഉപയോഗമപ്രദമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ല.
ടോയ്ലറ്റും സമീപ പ്രദേശങ്ങളും ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്. ദിവസേന ആയിരക്കണക്കിന് ആളുകൾ വന്നുചേരുന്ന ചാരുംമൂട്ടിൽ ശുചിമുറി സൗകര്യം ഇല്ലാത്ത യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്പോഴാണ് ഒരു പ്രയോജനവും ഇല്ലാതെ ഇ ടോയ്ലറ്റ് നശിച്ചു കൊണ്ടിരിക്കുന്നത്.