പത്തനംതിട്ട: 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥികൾ കുറഞ്ഞു. 2014ൽ 16 സ്ഥാനാർഥികളാണ് മത്സരിക്കാനുണ്ടായിരുന്നത്. നോട്ടയടക്കം 17 ബട്ടണുകൾ വോട്ടിംഗ് മെഷീനിലുണ്ടായിരുന്നു. ഇത്തവണ നാമനിർദേശ പത്രിക നൽകിയിട്ടുള്ള സ്ഥാനാർഥികളുടെ എണ്ണം 11 ആണ്.
ഡെമ്മി സ്ഥാനാർഥികളായി പത്രിക നൽകിയവരുൾപ്പെടെ പിൻമാറുന്നതോടെ മത്സരചിത്രത്തിൽ എണ്ണം വീണ്ടും കുറയും. ഇത്തവണയും എൽഡിഎഫിന് അപരഭീഷണിയുണ്ട്. 2014ൽ ഇടതു സ്വതന്ത്രനായി മത്സരിച്ച പീലിപ്പോസ് തോമസാണ് അപരഭീഷണി നേരിട്ട പ്രധാനി. മറ്റൊരു പീലിപ്പോസ് മത്സരരംഗത്തുണ്ടായിരുന്നു.
സ്വതന്ത്രനായ പീലിപ്പോസ് നാമനിർദേശ പത്രിക നൽകിയശേഷം രംഗത്തുവന്നതേയില്ല. പക്ഷേ അദ്ദേഹത്തിനു 16538 വോട്ട് ലഭിച്ചു. വോട്ടെടുപ്പിനുശേഷവും ഈ പീലിപ്പോസിനെക്കുറിച്ച് അറിവുണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷനു തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിക്കാത്തവരുടെ പട്ടികയിൽ ഈ സ്ഥാനാർഥിയുണ്ട്. കമ്മീഷന്റെ അയോഗ്യതയും നിലനിൽക്കുന്നു. രണ്ടാംസ്ഥാനത്തെത്തിയ എൽഡിഎഫ് സ്വതന്ത്രൻ പീലിപ്പോസ് തോമസിനേക്കാൾ 56191 വോട്ടുകളായിരുന്നു വിജയിച്ച ആന്റോ ആന്റണിക്ക് കൂടുതലായി ലഭിച്ചത്.
ആന്റോ ആന്റണിക്കും ഒരു അപരനെ കഴിഞ്ഞതവണ എത്തിച്ചിരുന്നെങ്കിലും അദ്ദേഹം പത്രിക പിൻവലിച്ചിരുന്നു. ഇന്നലെയാണ് വി. വീണയ്ക്കുവേണ്ടി ഒരു സെറ്റ് നാമനിർദേശപത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായാണ് രംഗപ്രവേശം.യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളെ കൂടാതെ എസ്ഡിപിഐ, ബിഎസ്പി, എസ് യുസിഐ, തൃണമൂൽ കോണ്ഗ്രസ്, എസ്എപി തുടങ്ങിയ കക്ഷികളും പത്തനംതിട്ടയിൽ മത്സരിക്കാനുണ്ടായിരുന്നു.
ഇത്തവണ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളെ കൂടാതെ ബിഎസ്പി, എസ് യുസിഐ, ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി സ്ഥാനാർഥികളാണ് മത്സരിക്കാനായി പത്രിക നൽകിയിരിക്കുന്നത്.