ഉപ്പുതറ: വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പെരുമ വാനോളം ഉയരുന്പോഴും മേഖലയിലെ റിസോർട്ടുകൾ പ്രവർത്തിക്കുന്നത് മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാതെയെന്ന് ആക്ഷേപം. സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് റിസോർട്ടുകളും ഹോംസ്റ്റേകളും ഉയരുന്നത്.
ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാതെയാണ് ഇവയുടെ പ്രവർത്തനം. വേനലവധി ആരംഭിക്കുന്ന തിരക്ക് നിയന്ത്രണാതീതമാകും. വേനൽക്കാല സീസണ് ലക്ഷ്യമിട്ടാണ് റിസോർട്ടുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത്.
പുതുതായി നിർമിക്കുന്ന റിസോർട്ടുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിനായുള്ള ഇൻസുലേറ്ററുകൾ സ്ഥാപിച്ചിട്ടില്ല. ഇവിടങ്ങളിലെ മാലിന്യം മേഖലയിലെ പാതയോരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും ടൗണിലും വ്യാപകമായി അലക്ഷ്യമായി തള്ളുന്നതായാണ് ആക്ഷേപം. മേഖലയിലെ നിരവധി റിസോർട്ടുകൾ ഇത്തരത്തിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത റിസോർട്ടുകൾക്ക് ഏലപ്പാറ പഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയിട്ടുള്ളതായും പരാതിയുണ്ട്. വാഗമണ്ണിന്റെ സ്വാഭാവിക അവസ്ഥയ്ക്ക് അനധികൃത മാലിന്യനിക്ഷേപം കോട്ടംതട്ടിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ പ്രവർത്തനാനുമതി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.