വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കാൻ സരിത എസ്. നായർ പത്രിക നൽകി. വയനാട് ജില്ലാ കളക്ടർ എ.ആർ അജയ്കുമാറിന് മുന്പാകെയാണു പത്രിക നൽകിയത്. നേരത്തെ, എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കാനും സരിത പത്രിക നൽകിയിരുന്നു.
സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് സരിത പറയുന്നത്. തന്റെ പരാതികളോട് ഇതേവരെ രാഹുൽ പ്രതികരിച്ചിച്ചെന്നും സരിത കുറ്റപ്പെടുത്തി.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്നു പറഞ്ഞു പാർട്ടിക്കാർ തന്നെ ആധിക്ഷേപിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാൻ മാത്രമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാർലമെന്റിൽ പോയി ഇരിക്കാനല്ലെന്നും സരിത പറഞ്ഞു.
സരിതയ്ക്കും കുടുംബത്തിനും 40 ലക്ഷത്തിന്റെ ആസ്തി
സരിത എസ്. നായർക്കും കുടുംബത്തിനും 40.20 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ല. 13.5 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 5700 രൂപ. 1,14,000 രൂപയുടെ മൂല്യമുള്ള സ്വർണവും ബാങ്ക് നിക്ഷേപമായി 10,200 രൂപയുമുണ്ട്. അമ്മ ഇന്ദിരയുടെ പേരിൽ 37,94,700 രൂപയുടെ ആസ്തിയുണ്ട്.
വീടും സ്ഥലവും ഉൾപ്പെടെ 36 ലക്ഷം രൂപ മൂല്യം വരും. 1,92,000 രൂപയുടെ സ്വർണവും അമ്മയുടെ കൈവശമുണ്ട്. സരിതയുടെ രണ്ടു മക്കൾക്കും കൂടി 96,000 രൂപയുടെ സ്വർണമുണ്ട്. ക്രിമിനൽ കേസുകൾ ചെക്കുകേസുകൾ ഉൾപ്പെടെ 32 കേസുകളുടെ വിവരങ്ങളും സരിത സമർപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു കേസിൽ ശിക്ഷയും ലഭിച്ചു.