മലപ്പുറം: ഒരിക്കൽ നാട്ടിൽ അറിയപ്പെടുന്ന ചിത്രകാരനായിരുന്ന കെ.സി.ഷാഹുൽ ബ്രഷ് പിടിക്കുന്നത് 16 വർഷങ്ങൾക്കു ശേഷം. കാരണം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ അഡാറ് വരവു തന്നെ. രാഹുലിന്റെ കട്ടഫാനായ എടക്കര മുസ്ലിയാരങ്ങാടി സ്വദേശി ഷാഹുൽ, രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനം അറിഞ്ഞപ്പോൾ തുള്ളിച്ചാടുകയായിരുന്നു.
പിന്നെ യുവാക്കൾക്കൊപ്പം റോഡിലേക്കിറങ്ങി നീണ്ട ഇടവേളയ്ക്കു ശേഷം ബ്രഷ് കൈയിലെടുത്തു. നല്ല വടിവൊത്ത അക്ഷരത്തിൽ ചുവരിൽ രാഹുൽഗാന്ധിക്ക് സ്വാഗതം തെളിഞ്ഞു. കെഎസ്യു പ്രവർത്തകനായിരുന്നപ്പോൾ നവാഗതർക്കു സ്വാഗതം എന്നെഴുതി തുടങ്ങിയ ചുവരെഴുത്തു കഴിഞ്ഞ ദിവസങ്ങളിൽ പൊടിതട്ടിയെടുത്തതു ചങ്കിലെ പ്രിയനേതാവിനു വേണ്ടി.
മക്കളെയും കൂടെക്കൂട്ടിയാണ് ചുവരെഴുത്തിനും പോസ്റ്ററൊട്ടിക്കലിനും ഷാഹുൽ ഇറങ്ങിയത്. 85-90 കാലഘട്ടത്തിൽ ചുവരെഴുത്തുകലയിൽ ഷാഹുൽ സജീവമായിരുന്നു. അന്നു ചുവരെഴുത്തുകൾക്കായിരുന്നു പ്രാമുഖ്യം. മതിലിലും വീടുകളുടെയും കടകളുടെയും ഭിത്തികളിലുമെല്ലാം സ്ഥാനാർഥിയുടെ പേരും ചിഹ്നവും നിറയ്ക്കും. സ്വന്തം പാർട്ടിയായിരുന്നതിനാലും രാഷ്ട്രീയ ചുവരെഴുത്ത് ഹരമായിരുന്നെന്നും ഷാഹുൽ പറയുന്നു.
ചുവരെഴുത്തുകലയിൽ ഒപ്പമുണ്ടായിരുന്ന ഗോവിന്ദനെയും കോയയെയും ഗഫൂറിനെയുമെല്ലാം ഷാഹുൽ ഇപ്പോഴും ഓർക്കുന്നുണ്ട്. ചുവരെഴുത്തുകൾ കുറഞ്ഞപ്പോൾ രംഗത്തുനിന്നു വിടവാങ്ങി. നേതാവായി വളർന്നപ്പോഴും ചിത്രകലയിലെ താത്പര്യം ഉള്ളിലുണ്ടായിരുന്നു. രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുമെന്നറിഞ്ഞതോടെ ചുവരെഴുത്തിനു വീണ്ടും ഇറങ്ങുകയായിരുന്നു എടക്കര മണ്ഡലം കോണ്ഗ്രസ് സെക്രട്ടറിയായ ഷാഹുൽ.
രഞ്ജിത് ജോണ്