ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലേക്ക്. ഈ മാസം 12-ന് മോദി കേരളത്തിൽ എത്തുമെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാനത്ത് രണ്ടു ബിജെപി റാലികളിൽ മോദി പങ്കെടുക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ റാലികൾ. തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരനാണു ബിജെപി സ്ഥാനാർഥി. അതേസമയം, കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രകാശ് ബാബു ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിലാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. അടുത്തിടെ, തൃശുരിലും കൊല്ലത്തും ബിജെപി പരിപാടികളിൽ മോദി പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആർ.കെ. സിംഗും ഈ മാസം ഒൻപതിനും സുഷമാ സ്വരാജ് 11-നും രാജ്നാഥ് സിംഗ് 13-നും പ്രചാരണത്തിനായി എത്തും.
കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി 15-നും നിർമലാ സീതാരാമൻ 16-നും പീയൂഷ് ഗോയൽ 19-നും മുഖ്താർ അബ്ബാസ് നഖ്വി 20-നും വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21-ന് പ്രചാരണത്തിനെത്തും. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ എട്ടിനും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ നാലിനും സംസ്ഥാനത്തു പര്യടനം നടത്തും.