കോട്ടയം: ജനപക്ഷം പാർട്ടിയിൽ പൊട്ടിത്തെറി. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റും യുവജനപക്ഷം ജില്ലാ പ്രസിഡന്റും പാർട്ടിയിൽ നിന്നും രാജിവച്ചതോടെ കൂടുതൽപേർ പാർട്ടി വിടാനൊരുങ്ങുന്നു. പാർട്ടി വിടുന്നവരെ ഒപ്പം കൂട്ടുവാൻ ഇടതുവലതു മുന്നണികൾ സജീവമായ നീക്കവും ആരംഭിച്ചു.
കൂടുതൽ പേർ രാജിവയ്ക്കുമെന്ന് അറിയിച്ചതോടെ ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎയുടെ ഈരാറ്റുപേട്ടയിലെ വസതിയിൽ ഇന്ന് അടിയന്തര സംസ്ഥാന കമ്മറ്റിയോഗവും പി.സി. ജോർജ് വിളിച്ചു ചേർത്തിട്ടുണ്ട്. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റും കാഞ്ഞിരപ്പളളി സ്വദേശിയും പി.സി. ജോർജിന്റെ വിശ്വസ്തനുമായിരുന്ന ആന്റണി മാർട്ടിൻ, യുവജനപക്ഷം ജില്ലാ പ്രസിഡന്റും കാഞ്ഞിരപ്പളളി പഞ്ചായത്തംഗവുമായ റിജോ വാളന്തറയുമാണ് ഇന്നലെ പാർട്ടിയിൽനിന്നും രാജിവച്ചത്. എൻഡിഎ മുന്നണിയുമായി സഹകരിക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി.
വർഗീയതയ്ക്കും അഴിമതിക്കുമെതിരെയാണ് പാർട്ടിയുടെ പ്രവർത്തനമെന്നും ഇതു രണ്ടിൽനിന്നും വ്യതിചലിച്ച് വർഗീയത പരത്തുന്ന ബിജെപി മുന്നണിയെ പിന്തുണയ്ക്കുന്ന പാർട്ടി നിലപാട് അംഗീകരിക്കാനാവില്ലെന്നും ആന്റണി മാർട്ടിനും റിജോ വാളന്തറയും പറഞ്ഞു. ഇരുവരും പാർട്ടി വിട്ടതോടെ ഇടതുവലതു മുന്നണികൾ ജനപക്ഷത്തെ പിളർത്താനുള്ള നീക്കം ആരംഭിച്ചു. രണ്ടു മുന്നണികളും ഇരുനേതാക്കളുമായും സംസാരിച്ചു തങ്ങളുടെ മുന്നണിയിൽ ചേരണമെന്നാണ് ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ കാഞ്ഞിരപ്പളളിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ജനപക്ഷത്തെ പ്രശ്നങ്ങൾ പ്രദേശിക നേതാക്കളുമായി ചർച്ച നടത്തുകയും ജനപക്ഷം വിട്ടുവരുന്നവരെ സിപിഎമ്മിനൊപ്പമോ എൽഡിഎഫിലോ ഉൾപ്പെടുത്തണമെന്നും നിർദേശം നൽകി.
ഇതനുസരിച്ച് സിപിഎം കാഞ്ഞിരപ്പളളി, വാഴൂർ ഏരിയാ സെക്രട്ടറിമാർ ഇരു നേതാക്കളുമായി ചർച്ച നടത്തുകയും സിപിഎം സഹയാത്രികരായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ഇന്നലെ ആന്റണി മാർട്ടിന്റെ വീട്ടിലെത്തി സംസാരിക്കുകയും പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ആന്റണി മാർട്ടിനും അനൂകൂല നിലപാട് സ്വീകരിച്ചതായണ് അറിയുന്നത്. കേരള കോണ്ഗ്രസ് എമ്മിലെ ഒരു എംഎൽഎയും ഇരു നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും ഇരുവരും അനൂകൂല നിലപാട് സ്വീകരിച്ചില്ല. പാർട്ടിയിൽ നിന്നും കൂടുതൽ പേർ രാജിവയ്ക്കുമെന്ന് അറിഞ്ഞതോടെയാണ് പി.സി. ജോർജ് ഇന്ന് ഈരാറ്റുപേട്ടയിലെ വസതിയിൽ അടിയന്തര യോഗം വിളിച്ചത്. യോഗത്തിൽ മുണ്ടക്കയം, എരുമേലി മണ്ഡലം പ്രസിഡന്റുമാർ രാജിവയ്ക്കുമെന്ന് സൂചനയുണ്ട്.
ഇവരും എൻഡിഎയുമായി സഹകരിക്കുന്നതിനോട് കടുത്ത എതിർപ്പിലാണ്. രാജിവച്ച ജനപക്ഷം നേതാക്കൾ നാളെ കാഞ്ഞിരപ്പള്ളിയിൽ യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. കൂടുതൽ പ്രവർത്തകരെ രാജിവയ്പ്പിക്കാനും ബദൽ സംവിധാനം ഒരുക്കാനുമുളള നീക്കത്തിലാണ് രാജിവച്ച നേതാക്കൾ.