നിയാസ് മുസ്തഫ
ബിജെപിയുടെ മുതിർന്ന നേതാവ് എൽകെ അഡ്വാനിയുടേത് പാർട്ടിക്കെതിരേയുള്ള വിമർശനമായി ബിജെപി കേന്ദ്രനേതൃത്വം കണക്കാക്കുന്നില്ല. എൽകെ അഡ്വാനിയുടെ സിറ്റിംഗ് സീറ്റാണ് ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലം. ഈ സീറ്റിൽ ഇത്തവണ ബിജെപിക്കുവേണ്ടി മത്സരിക്കുന്നത് ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ്. സീറ്റ് നിഷേധിച്ചതിൽ അഡ്വാനി ക്ഷുഭിതനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വാനിയുടെ ബ്ലോഗ് വന്നിരിക്കുന്നത്. ഇതാവട്ട, രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു.
ആദ്യം രാജ്യം, പിന്നെ പാർട്ടി, അവനവൻ അവസാനം എന്ന തലക്കെട്ടിൽ അഡ്വാനി എഴുതിയ ബ്ലോഗ് ബിജെപിക്കെതിരേയുള്ള വിമർശനമായി വിലയിരുത്തപ്പെടുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് തന്നെ വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. പാർട്ടിയുടെ ആരംഭകാലം മുതലേ ബിജെപി തങ്ങളോട് വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല, മറിച്ച് പ്രതിയോഗികളായാണ് കാണുന്നത്.
അതുപോലെ തന്നെ ഇന്ത്യൻ ദേശീയതയിൽ തങ്ങളോടു വിയോജിപ്പുള്ളവരെ രാജ്യവിരുദ്ധരായി ഒരിക്കലും കണ്ടിട്ടില്ല. രാഷ്ട്രീയ തലത്തിലും മറ്റെല്ലാ വിധത്തിലും പൗരന് തെരഞ്ഞെടുപ്പുകൾക്കുള്ള വ്യക്തിസ്വാതന്ത്ര്യം വേണമെന്ന കാര്യത്തിൽ ബിജെപി പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നുവെന്നും അദ്ദേഹം ബ്ലോഗിൽ ചൂണ്ടിക്കാട്ടി. ഈ ഭാഗമാണ് ബിജെപിക്കെതിരേയുള്ള വിമർശനമായി വിലയിരുത്തപ്പെടുന്നത്.
വിശാല ദേശീയ തലത്തിലും ബിജെപിക്കുള്ളിൽ തന്നെയും ജനാധിപത്യവും ജനാധിപത്യ പാരന്പര്യങ്ങളും സംരക്ഷിക്കപ്പടണം. മാധ്യമങ്ങൾ ഉൾപ്പടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്യം, സമന്വയം, നീതി, ദൃഢത എന്നിവ സംരക്ഷിക്കാൻ ബിജെപി എല്ലാക്കാലത്തും മുൻനിരയിൽ നിന്നിട്ടുണ്ട്. രാഷ്ട്രീയ, തെരഞ്ഞെടുപ്പു സംഭാവനകളിലെ സുതാര്യത ഉറപ്പു വരുത്തുക എന്നത് മറ്റ് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ എന്നപോലെ തന്നെ ബിജെപി ഏറ്റവും പ്രാമുഖ്യം നൽകുന്ന കാര്യമാണെന്നും അഡ്വാനി പറയുന്നു.
സത്യം, രാജ്യത്തോടുള്ള സമർപ്പണഭാവം, പാർട്ടിക്കകത്തും പുറത്തുമുള്ള ജനാധിപത്യം എന്നിവയാണ് ബിജെപിയെ എല്ലാക്കാലത്തും മുന്നോട്ടു നയിച്ചിട്ടുള്ളത്. സാംസ്കാരിക ദേശീയതയും സദ്ഭരണവും പാർട്ടി എല്ലാക്കാലത്തും മുറുകെപ്പിടിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരേ നടത്തിയ വീരസമരങ്ങൾ ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ വേണ്ടിയായിരുന്നെന്നും അഡ്വാനി ഓർമപ്പെടുത്തുന്നു.
ഇന്ത്യയുടെ ജനാധിപത്യ സൗധം ശക്തിപ്പെടുത്താൻ എല്ലാവരും ചേർന്നു പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവം എന്നത് അക്ഷരാർഥത്തിൽ സത്യമാണ്. എന്നാൽ, തെരഞ്ഞെടുപ്പുകൾ ഇന്ത്യൻ ജനാധിപത്യത്തിലെ രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, അധികാരികൾ തുടങ്ങി എല്ലാ പങ്കാളികൾക്കും സത്യസന്ധമായ ആത്മപരിശോധനയ്ക്കുള്ള സമയമാണെന്നും അഡ്വാനി ഓർമിപ്പിക്കുന്നു.
ബിജെപിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറ് മുൻനിർത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു എന്ന തരത്തിലാണ് അഡ്വാനിയുടെ ബ്ലോഗ് പോസ്റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ ബ്ലോഗിന് മറുപടിയായി എൽകെ അഡ്വാനിയെ പുകഴ്ത്തി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപിയുടെ സാരാംശമാണ് എൽ കെ അഡ്വാനി അദ്ദേഹത്തിന്റെ ബ്ലോഗിൽ പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
രാജ്യം ആദ്യം, പാർട്ടി പിന്നീട്, അവസാനം വ്യക്തി എന്നത് ബിജെപിയെ നയിക്കുന്ന മന്ത്രമാണെന്നും ഒരു ബിജെപി പ്രവർത്തകൻ ആയിരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും എൽ കെ അഡ്വാനിയെപ്പോലെയുള്ള മഹാൻമാരാണ് ബിജെപിയെ ശക്തമാക്കിയതെന്നും മോദി ട്വീറ്റിൽ വ്യക്തമാക്കുന്നു.അതേസമയം, അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നത് പാർട്ടിയുടെ തീരുമാനമനുസരിച്ചായിരുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
75വയസിനു മുകളിലുള്ളവർക്ക് സീറ്റ് നൽകേണ്ടതില്ലായെന്നാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അഡ്വാനിക്ക് 91 വയസുണ്ട്. തുടർച്ചയായി ഗാന്ധിനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വാനിയെ വൻ ഭൂരിപക്ഷത്തിലാണ് ഗാന്ധിനഗറിലെ വോട്ടർമാർ വിജയിപ്പിച്ചുവരുന്നത്. ഇത്തവണ മത്സരിക്കാൻ സാധിച്ചിരുന്നെങ്കിൽ ലോക്സഭയിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയയാൾ എന്ന ബഹുമതി അഡ്വാനിയെ തേടിയെത്തുമായിരുന്നു.