ആലപ്പുഴ: തിരുവാന്പാടിയ്ക്ക് സമീപം സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക തെളിവായി മദ്യം വാങ്ങിയ ബിൽ. വീടിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിൽ അലമാരയുടെ മുകളിൽ നിന്നു കണ്ടെത്തിയ ബിവറേജസ് കോർപ്പറേഷനിൽ നിന്നുള്ള മദ്യത്തിന്റെ ബില്ലിന്റെ ഉറവിടത്തിലേക്കുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താൻ സഹായിച്ചത്. ബോട്ട് ജെട്ടിക്ക് സമീപമുള്ള ബിവറേജസ് കോർപ്പറേഷനിലെ ഒൗട്ട്ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയത്. എന്നാൽ മദ്യവിൽപന ശാലയിൽ സിസിടിവി കാമറയില്ലാത്തത് അന്വേഷണത്തെ തടസപ്പെടുത്തി.
എന്നാൽ ഫിംഗർ പ്രിന്റ് പരിശോധിച്ചതിൽ നിന്നു അന്ന് വീട്ടിലെത്തിയ പ്രതികൾ തന്നെയാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലെത്താൻ പോലീസിനെ സഹായിച്ചു. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനും സഹായിച്ചു. മറ്റൊരു നിർണായക തെളിവായ മരിച്ച സ്ത്രീയുടെ മൊബൈൽ സിമ്മിൽ നിന്നും ശേഖരിച്ച കോണ്ടാക്ടുകൾ പോലീസ് പരിശോധിച്ചിരുന്നു.
അനാശാസ്യ പ്രവർത്തനം നടത്തിയിരുന്ന സ്ത്രീയുടെ ഫോണിലേക്ക് വന്ന ഒരുലക്ഷത്തിലധികം കോളുകളെല്ലാം പോലീസ് അന്വേഷണ വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ നജ്മൽ, മുംതാസ്, സീനത്ത് എന്നിവരിലേക്കെത്തിയത്. വീടിനുള്ളിൽ നിന്നും പ്രതികൾ കവർന്ന സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിച്ചത് സീനത്താണ്. പ്രധാന പ്രതി നജ്മലും മുംതാസും ചേർന്നാണ് കൃത്യം നടത്തിയത്.
നജ്മൽ അന്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകളെ ആക്രമിച്ച കേസുകളിൽ പ്രതിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ തിരുവന്പാടി മുല്ലാത്ത്വാർഡ് ചക്കാലയിൽ മേരി ജാക്വിലിൻ(52) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ തലേദിവസം ഗൾഫിലുള്ള ഏകമകൻ അമ്മയെ ഫോണിൽ വിളിച്ചിട്ടു കിട്ടാഞ്ഞതിനെ തുടർന്നു അടുത്തദിവസം തന്നെ നാട്ടിലെത്തുകയും സുഹൃത്തുക്കളുമൊത്തു വീടിന്റെ വാതിൽ പൊളിച്ചു അകത്തുകയറി പരിശോധിക്കുകയും അമ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
മരിച്ച സ്ത്രീ വീട്ടിൽ ഒരുവർഷം മുന്പ് ’വീട്ടിൽ ഉൗണ്’ എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവിൽ അനാശാസ്യം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിക്കുകയും അത്തരത്തിൽ അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് കൊലപാതകത്തിനു പിന്നിൽ സെക്സ് റാക്കറ്റ് സംഘത്തിലുൾപ്പെട്ടവരാണെന്നു മനസിലായത്. ജില്ലയിൽ സെകസ് വർക്ക് നടത്തിയിരുന്ന നിരവധി സ്ത്രീകളെ പലതവണ ചോദ്യം ചെയ്തും അവരുടെ ഇടപാടുകാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.