കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണ് മുസ്ലീം ലീഗെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വന്നത് വെള്ളിയാഴ്ച്ച രാവിലെയാണ്. ഇതിനെതിരേ ലീഗ് നേതൃത്വവും കോണ്‍ഗ്രസും പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചില ദൃശ്യങ്ങള്‍ ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന മുദ്രവാക്യവുമായി ഒരുകൂട്ടം ലീഗ് അണികള്‍ നടത്തിയ വാഹനജാഥയാണ് പുറത്തുവന്നിരിക്കുന്നത്. എതിരാളികള്‍ പരസ്പരം വിളിക്കാന്‍ മടിക്കുന്ന പദപ്രയോഗങ്ങളാണ് ഈ വീഡിയോയില്‍ ഉടനീളമുള്ളത്. മോദിക്കെതിരായ ഈ വീഡിയോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മറ്റൊരു പ്രചാരണ ആയുധമാണ് സമ്മാനിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ പാര്‍ട്ടി ഇന്ത്യവിരുദ്ധരാണെന്ന തരത്തില്‍ ബിജെപി ക്യാംപും ഈ വീഡിയോ ഉപയോഗിച്ച് നടത്തുന്നുണ്ട്. അതേസമയം വീഡിയോയുടെ കാര്യത്തില്‍ ലീഗ് ഭാരവാഹികള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.