സ്വന്തം ലേഖകൻ
തൃശൂർ: രക്തപങ്കിലമാവുകയാണോ പ്രണയങ്ങൾ…പ്രണയനിരാസങ്ങൾക്ക് ഇപ്പോൾ മരണത്തിന്റെ ഗന്ധമാണ്. എപ്പോഴോ തോന്നിയൊരിഷ്ടം എത്ര പെട്ടന്നാണ് കൊലക്കത്തിയിലേക്കും അഗ്നിനാളങ്ങളിലേക്കും മാറുന്നത്. കേരളത്തിൽ പ്രണയത്തിന്റെ ക്രൂരമായ മുഖമാണ് ഇപ്പോൾ തൃശൂരിലും, തിരുവല്ല കുന്പനാടുമൊക്കെ കണ്ടത്…
പ്രണയാഭ്യർഥന നിരസിക്കുന്പോൾ പെണ്‍കുട്ടികളെ കത്തിമുനയിലും പെട്രോളിലും തീനാളങ്ങളാലും ഇല്ലാതാക്കുന്ന ചെറുപ്പക്കാർ കൂടിവരികയാണോ എന്നാണ് ബാക്കിയാകുന്ന ആശങ്ക. വാലന്റൈൻസ് ഡേ ആഘോഷമായി കൊണ്ടാടുന്ന പ്രണയസിനിമകൾ പലതുമിറങ്ങുന്ന കേരളത്തിൽ പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ പെണ്‍കുട്ടികളുടെ ജീവനുകൾ ഇല്ലാതാകുന്നത് അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
പ്രണയം നിരസിച്ചാലുടൻ ആ പെണ്‍കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാരിൽ ചിലർ മാറുന്പോൾ പ്രായമായ പെണ്‍കുട്ടികളെ കോളജിലും മറ്റും അയയ്ക്കാൻവരെ രക്ഷിതാക്കൾ ഭയപ്പെടുകയാണ്.
പ്രണയം നിരസിക്കപ്പെടുന്പോൾ താടിയും മുടിയും വളർത്തി വിഷാദഭാവത്തിൽ നടക്കുന്ന ദേവദാസുമാരുടെ കാലം കഴിഞ്ഞെന്നും, ക്രൗര്യം ഒളിപ്പിച്ചുവച്ച പ്രണയമാണ് പുതിയ തലമുറയിൽ പലർക്കുമെന്നും തൃശൂർ ചിയ്യാരത്തേയും തിരുവല്ല കുന്പനാട്ടിലേയും സമീപകാല സംഭവങ്ങൾ അടിവരയിട്ടു തെളിയിക്കുന്നു.
പ്രണയം നിരസിക്കപ്പെട്ട എല്ലാവരും ക്രിമിനലായി മാറുന്നില്ല. അങ്ങനെ ക്രിമിനലുകളായി മാറിയിരുന്നെങ്കിൽ ഇവിടെയെത്രയോ ക്രിമിനലുകളുണ്ടായേനെ. ചിലരെല്ലാം അങ്ങനെയായി പോകുന്നു. അതിനെ പൊതുവായി കാണരുത് – പ്രണയം രക്തപങ്കിലമാകുന്നോ എന്ന ചോദ്യത്തോടു കാന്പസുകളിലെ ചില കാമുകന്മാരുടെ പ്രതികരണം ഇതായിരുന്നു.
ശരിയാണ്; പ്രണയം നിരസിക്കപ്പെട്ട എല്ലാവരും കൊലപാതകികളായി മാറുന്നില്ല. എന്നാൽ തിരുവല്ലയിലും തൃശൂരിലുമൊക്കെ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമെന്നുകരുതി തള്ളിക്കളയാനുമാവില്ല. ഇവിടെയൊന്നും സംഭവിക്കില്ലെന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മാത്രമേ സംഭവിക്കൂവെന്നും കരുതിയ അനർഥങ്ങളാണ് കൊച്ചുകേരളത്തിൽ സംഭവിക്കുന്നത്.