ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ 250-300 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ പിതാവും, റിട്ട.എയര്‍ മാര്‍ഷലുമായ സിംഹക്കുട്ടി വര്ധമാന്. ഐഐടി മദ്രാസില്‍ പ്രതിരോധ പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭീകരരുടെ ക്യാമ്പില്‍ പരമാവധി ആളുകള്‍ ഉള്ളപ്പോഴാണ് ഇന്ത്യന്‍ വ്യോമസേന അവിടെ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ എഫ്-16ഉം അമ്രാം മിസൈലുകളും യഥാര്‍ത്ഥത്തില്‍ നമുക്ക് ഭീഷണിയായിരുന്നു.
നമ്മള് ബാലാക്കോട്ടേക്കു നീങ്ങിയപ്പോള്‍ അവരുടെ എഫ്-16 വേറൊരു ദിശയിലേക്കാണ് പൊകുന്നത് എന്ന കാര്യത്തില്‍ ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ആക്രമണം നടത്തിയ അന്ന് ബഹവല്‍പൂര്‍ ലക്ഷ്യമാക്കി ഏഴ് പ്രതിരോധ വിമാനങ്ങളാണ് കുതിച്ചത്. ജെയ്ഷ് ഇ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് ആണവിടം. പാക്കിസ്ഥാന് വിചാരിച്ചത് ഇന്ത്യയുടെ ലക്ഷ്യം ബഹവല്‍പൂര്‍ ആണെന്നായിരുന്നു.
അതിന്‍പ്രകാരം പാക്കിസ്ഥാന് എഫ്-16നെ അവിടേക്ക് അയച്ചു. നമ്മുടെ പ്രതിരോധത്തെ തകര്‍ക്കാമെന്നായിരുന്നു അവര്‍ ചിന്തിച്ചത്. അപ്പൊഴേക്കും നമ്മുടെ മറ്റ് പ്രതിരോധ വിമാനങ്ങള്‍ ബാലാക്കോട്ട് ലക്ഷ്യമാക്കി കുതിച്ചിരുന്നു. പാകിസ്ഥാന് വ്യോമസേനയെ ഇത്തരത്തില്‍ കബളിപ്പിച്ചു കൊണ്ടായിരുന്നു ആ നീക്കം. 1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിക്കുന്നത് ബാലാകോട്ട് ഓപ്പറേഷന് വേണ്ടിയാണ്.
ഒരു രാജ്യത്തിന്റെ താല്പര്യമെന്ന നിലയിലാണ് നമ്മള് നയം ലംഘിച്ച് പാകിസ്ഥാനില്‍ കയറിയത്. അത് ഒഴിവാക്കാനാകാത്ത ഒരു സാഹചര്യമായിരുന്നുവെന്ന് നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരം സേനയ്ക്കു നേരെയുള്ള ആക്രമണങ്ങളുടെ തിരിച്ചടിയാണ് അന്ന് ബാലാക്കോട്ട് നല്‍കിയതെന്നും സിംഹക്കുട്ടി വ്യക്തമാക്കി. പാക്കിസ്ഥാന് പൂര്‍ണമായും ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കിലും, നമ്മുടെ ഭാഗത്ത് എത്രയും പെട്ടന്ന് ഒരു നീക്കമുണ്ടാകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഒരു നീക്കം അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സിഹക്കുട്ടി പറഞ്ഞു.