കൊല്ലം : പള്ളിമുക്ക് മേഖലയിൽ മോഷ്ടാക്കൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. അവരെ പിടികൂടാൻ പോലീസിനാകുന്നില്ല. പോലീസിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ സംഘം ചേർന്ന് കള്ളന്മാർക്കായി വലവിരിച്ചിരിക്കുകയാണ്. മോഷ്ടാക്കൾ വിഹരിക്കുന്നത് ഗോപാലശേരി, അയത്തിൽ ,പുത്തൻനട, ഉമയനല്ലൂർ ഭാഗങ്ങളിലാണ്. ഇവിടെയും രാത്രി നാട്ടുകാർ സംഘടിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
അടുത്തിടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടി കുറ്റവാളിയും കൂട്ടാളികളുമാണ് നാട്ടിൽ ഭീതി പരത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒട്ടേറെപേർ സംഘത്തിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഇവരിൽ അന്യസംസ്ഥാനക്കാരും ഉണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു.ഇവർ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണ്. ഇവർക്ക് പ്രാദേശികമായി ചിലരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
ഇവരെ പിടികൂടിയാൽ തന്നെ ചില രാഷ്ട്രീയ പാർട്ടിക്കാർ മോചിപ്പിക്കാനായി രംഗത്തുള്ളതും നാടിന് ആപത്തായി മാറിയിട്ടുണ്ട്. കള്ളന്മാരെ പിടിക്കാൻ നാട്ടുകാർ രാത്രി സംഘടിക്കുമ്പോൾ അവർക്കിടയിൽ അപരിചിതർ നുഴഞ്ഞ് കയറുന്നുമുണ്ട്. ഇത്തരത്തിൽ ചിലരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു.
വൻ മയക്കുമരുന്ന് മാഫിയയുടെ നിയന്ത്രണത്തിലാണ് മോഷ്ടാക്കൾ വിലസുന്നത്. ഇവരെ പിടികൂടാൻ പോലീസ് കാട്ടുന്ന നിസംഗത തുടർന്നാൽ സ്റ്റേഷൻ ഉപരോധം അടക്കമുള്ള സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.ഇരുട്ടിന്റെ മറവിലായിരുന്നു സംഘത്തിന്റെ ഒളിപ്രയോഗങ്ങളുടെ തുടക്കം.
സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ എത്തി വാതിലിൽ മുട്ടുക, വാതിൽ തുറക്കുക, വീട്ടമ്മമാരെ ആക്രമിക്കുക എന്നിവയാണ് ഇവരുടെ രീതി. ചിലപ്പോൾ വീടുകളുടെ ടെറസിൽ കയറി ഒളിച്ചിരിക്കും.വിവരമറിഞ്ഞ് നാട്ടുകാർ സംഘടിച്ച് എത്തുമ്പോൾ അവരെ കല്ലെറിഞ്ഞും ആയുധങ്ങൾ കാട്ടിയും ഭീഷണിപ്പെടുത്തി സംഘം അതിവേഗം മതിലുകളും മരങ്ങളും ചാടി രക്ഷപ്പെടും. പിന്നെ പൊടിപോലും കണ്ടു കിട്ടില്ല. കഴിഞ്ഞ ഒരു മാസമായി നാട്ടുകാർ ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ്.
എന്നാൽ ഇക്കാര്യത്തിൽ നാട്ടുകാർ കാണിക്കുന്ന ആത്മാർഥത പോലീസിന് ഇല്ല. മോഷ്ടാക്കൾ ഒളിച്ചിരിക്കുന്ന വിവരം പോലീസിൽ അറിയിച്ചാൽ എല്ലാവരും ഉത്സവ ഡ്യൂട്ടിക്ക് പോയിരിക്കയാണ് എന്ന മറുപടിയാണ് സ്ഥിരം ലഭിക്കുന്നത്.
മാത്രമല്ല മോഷ്ടാക്കളെ പിടികൂടി സ്റ്റേഷനിൽ എത്തിക്കാനുള്ള ഉപദേശവും നൽകും.
മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായ സ്ത്രീകളുടെ മൊഴി എടുക്കാൻ പോലും പോലീസ് താത്പര്യം കാണിക്കുന്നില്ലെ ന്നും നാട്ടുകാർ പരാതിപ്പെടുന്നു. മോഷ്ടാക്കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിൽ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇവർ പലപ്പോഴും തിരിഞ്ഞുനോക്കാറില്ലെന്നത് മറ്റൊരുസത്യം.