തലശേരി: ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയും പതിനൊന്ന് വയസുകാരിയായ മകളെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ദമ്പതികളുടെ മകൾ ഉൾപ്പെടെയുള്ള പത്ത് സാക്ഷികളുടെ വിസ്താരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് മുമ്പാകെ പൂർത്തിയായി. വളപട്ടണം മിൽ റോഡിൽ ടി.ടി. താഹിറയെ (32) കൊലപ്പെടുത്തുകയും മകളെ പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിലാണ് പത്ത് സാക്ഷികളുടെ വിസ്താരം പൂർത്തിയായത്.
കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും. കിടക്കയിൽ കിടക്കുന്ന സമയത്ത് പ്രതി താഹിറയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് കൊണ്ടാണ് മുഖം മുതൽ കാൽപ്പാദം വരെ പൊള്ളി പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായതെന്ന് കേസിൽ വിസ്തരിച്ച പരിയാരം മെഡിക്കൽ കോളജലെ ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി.
താഹിറയുടെ ഭർത്താവും മൽസ്യതൊഴിലാളിയുമായ മംഗലാപുരം ഉള്ളാളം സ്വദ്ദേശി അൽത്താഫാണ് (38) കേസിലെ പ്രതി. കൊല്ലപ്പെട്ട താഹിറയുടെ സഹോദരി ടി.ടി. ആമിനയുടെ പരാതി പ്രകാരമാണ് സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്തിരുന്നത്.
താമസിച്ചിരുന്ന പത്ത് സെന്റ് സ്ഥലവും വീടും വില്പന നടത്തി ഉള്ളാളത്തേക്ക് താമസം മാറ്റണമെന്ന ആവശ്യം നിരാകരിച്ച വിരോധം വെച്ചും ചരിത്രത്തിലുള്ള സംശയം കാരണവും താഹിറയെ പ്രതി അസിഡ് ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ കേസ്. 2010 ഡിസംബർ 29 ന് ഉച്ചക്ക് 1.30 നാണ് കേസിനാസ്പദമായ സംഭവം. മരണ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് ഉൾപ്പെടെ 27 സാക്ഷികളാണ് ഈ കേസിലുള്ളത്.