തലശേരി: പെരുമണ്ണിൽ പത്തു കുട്ടികളുടെ ദാരുണമായ മരണത്തിന് കാരണക്കാരനായ പ്രതിക്ക് ലഭിച്ചത് പരമാവധി ശിക്ഷ. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കേസിലെ ഏകപ്രതിയായ മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം. അബ്ദുൾ കബീറിനെതിരേ ചുമത്തിയിരിക്കുന്നത്.
ഓരോ കുട്ടിയുടെ മരണത്തിനും പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയ കേസുകളിൽ അപൂർവമായാണ് ഇത്തരമൊരു ശിക്ഷാവിധിയുണ്ടാകുന്നത്.
പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. വരിവരിയായി നടന്നുപോകുകയായിരുന്ന പിഞ്ചുകുട്ടികളെ രക്ഷിക്കാനുള്ള ഒരു ശ്രമവും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായില്ല. 21 കുട്ടികൾ 35 മീറ്റർ നീളത്തിലാണ് നടന്നുപൊയ്ക്കൊണ്ടിരുന്നത്.
മുഴുവൻപേരിലേക്കും വാഹനം ഇടിച്ചുകയറുകയായിരുന്നു. പത്തുപേർ മരിക്കുകയും ബാക്കി 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനാലാണ് പരമാവധി ശിക്ഷ നൽകുന്നതെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്.
പ്രതിക്ക് അർഹമായ ശിക്ഷ കിട്ടിയെന്ന് രക്ഷിതാക്കൾ
ശ്രീകണ്ഠപുരം: തങ്ങളുടെ എല്ലാമെല്ലാമായ വാത്സല്യനിധികളും പ്രതീക്ഷയുമായിരുന്ന മക്കളെ വാഹനം കയറ്റി കൊലപ്പെടുത്തിയ പ്രതിക്ക് അർഹമായ ശിക്ഷയാണ് കോടതി നൽകിയതെന്ന് കൊല്ലപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പറഞ്ഞു. അപകടം നടന്നത് 11 വർഷം കഴിഞ്ഞിട്ടും വിധി വരാത്തതിനാൽ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും സ്കൂൾ അധികൃതരും മാനേജ്മെന്റും ആശങ്കയിലായിരുന്നു.
പ്രതി അബ്ദുൾ കബീർ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നുകളഞ്ഞതായും കേസ് തേഞ്ഞുമാഞ്ഞുപോയതായും പ്രചാരണമുണ്ടായിരുന്നതായി രക്ഷിതാക്കൾ പറയുന്നു. ഏതായാലും കാത്തിരിപ്പിനൊടുവിൽ വിധി വന്നതിൽ ഏറെ ആശ്വാസത്തിലാണിവർ.
പ്രതിക്ക് കുറ്റകൃത്യത്തിന് അർഹമായ ശിക്ഷ കിട്ടിയതിൽ ഏറെ തൃപ്തിയുണ്ടെന്നും ദൈവത്തിനും കോടതിക്കും നന്ദി അറിയിക്കുന്നതായും അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളായ സി.വി. രാമകൃഷ്ണൻ, വി.പി. രമണി, ഇന്ദിര, ഷീബ, രമേശൻ എന്നിവർ ദീപികയോടു പറഞ്ഞു.
പെരുമണ്ണ് ദുരന്തവിധിയിൽ കുറ്റക്കാരന്‍ അർഹമായ ശിക്ഷ വിധിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി സ്കൂൾ മുൻ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.പി. ഷഫീഖ്, ഷബീർ അഹമ്മദ്, മുഖ്യാധ്യാപിക കെ. വനിത, ആക്ഷൻ കമ്മിറ്റി ഭാരവാഹി പി.പി. ദിവാകരൻ, പഞ്ചായത്ത് അംഗം സി. പ്രസന്ന എന്നിവർ പറഞ്ഞു.