ശ്രീധന്യ ചരിത്ര നേട്ടം കൈവരിച്ചത്, വൈദ്യുതി പോലുമില്ലാത്ത ഇടുഞ്ഞു വീഴാറായ വീട്ടില്‍ നിന്നും! ഐഎഎസ് സ്വപ്‌നവുമായി ഡല്‍ഹിയിലേക്ക് വണ്ടി കയറിയത് കൂട്ടുകാരില്‍ നിന്ന് 40,000 കടം വാങ്ങി; അഭിനന്ദനവുമായി നാട്

കേരളത്തിന് പ്രത്യേകിച്ച്, വയനാട്ടിലെ ആദിവാസി വിഭാഗത്തിന് അഭിമാനമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ കുറിച്യ സമുദായാംഗമായ വയനാട് പൊഴുതന ഇടിയംവയല്‍ അമ്പളക്കൊല്ലി ശ്രീധന്യ സുരേഷ്(25) ഈ നേട്ടം കൈവരിച്ചത്, കഷ്ടപ്പാടിന്റെ വഴികളിലൂടെ. 410 ാം റാങ്കാണ് ശ്രീധന്യ നേടിയത്.

അമ്പളക്കൊല്ലി സുരേഷ്- കമല ദമ്പതികളുടെ മകളാണു ശ്രീധന്യ. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍. മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു ശ്രീധന്യയുടെ കുടുംബം. തരിയോട് നിര്‍മല ഹെസ്‌കൂളില്‍നിന്നു 85 ശതമാനത്തിലധികം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം നേടിയ ശ്രീധന്യ തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് പ്ലസ് ടു ജയിച്ചത്. കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് സുവോളജിയില്‍ ബി.എസ്.സി ബിരുദവും അപ്ലെഡ് സുവോളജിയില്‍ ഇവിടെനിന്നു തന്നെ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് എട്ടു മാസത്തോളം വയനാട് എന്‍ ഊരു ടൂറിസം പദ്ധതിയില്‍ അസിസ്റ്റന്റായി ജോലി ചെയ്തു.

തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനു ചേര്‍ന്നത്. രണ്ടു വര്‍ഷത്തോളം ആ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമമായിരുന്നു. ജോലി ഉപേക്ഷിച്ചായിരുന്നു ലക്ഷ്യം നേടാന്‍ ശ്രീധന്യ ഇറങ്ങിത്തിരിച്ചത്. മലയാളമാണ് പരീക്ഷയില്‍ ഐശ്ചിക വിഷയമായി ശ്രീധന്യ തിരഞ്ഞെടുത്തത്. ചെറുപ്പം മുതല്‍ മലയാളത്തോടുള്ള പ്രിയം തന്നെയാണ് ഇതിന് കാരണവും.

പത്രം വാങ്ങാന്‍ പോലും ശ്രീധന്യയുടെ വീട്ടില്‍ പണമില്ലായിരുന്നു. അച്ഛന്‍ കൂലിപണിക്കാരനാണ്. കൂട്ടുകാരുടെ കൈയ്യില്‍ നിന്നും 40,000 രൂപ കടം വാങ്ങിയാണ് ശ്രീധന്യ ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയില്‍നിന്നുള്ള ആദ്യ വ്യക്തിയായേക്കും ശ്രീധന്യ. രണ്ടാമത്തെ തവണ നടത്തിയ തന്റെ പരിശ്രമമാണ് വിജയം കണ്ടത് എന്നാണ് ശ്രീധന്യ പറയുന്നത്.

വയറിങ് പോലും നടക്കാത്ത ഇടിഞ്ഞു വീഴാറായ വീട്ടില്‍ നിന്നാണ് ശ്രീധന്യ ജയിച്ച് മുന്നേറിയത്. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകൈയ്യില്‍ ബാന്‍ഡേജുമായാണു ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്. മുന്‍വര്‍ഷങ്ങളിലെ സിവില്‍ സര്‍വീസ് നിയമന രീതി അനുസരിച്ച് പട്ടികവര്‍ഗ വിഭാഗത്തില്‍ 410ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.

കുറിച്യവിഭാഗത്തില്‍ നിന്ന് സിവില്‍സര്‍വീസ് പരീക്ഷാവിജയം നേടുന്ന ആദ്യത്തേയാളാണ് ശ്രീധന്യ. വയനാടുകാരി ആയതുകൊണ്ടുതന്നെ പ്രളയമായിരുന്നു അഭിമുഖത്തില്‍ നേരിട്ട ചോദ്യങ്ങളിലൊന്ന്.

പിന്നോക്ക അവസ്ഥയില്‍ നിന്നും മകള്‍ ഐഎഎസ് നേടിയത് അഭിമാനകരമായ നിമിഷമെന്ന് ശ്രീധന്യ സുരേഷിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. ക്ലേശകരമായ സാഹചര്യത്തിലൂടെയാണ് മകള്‍ പഠനം പൂര്‍ത്തിയാക്കിയതെന്നും മാതാവ് കമലയും പിതാവ് സുരേഷും പറഞ്ഞു. സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതിയാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെ ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും.

Related posts