കൊച്ചി: ഇറ്റാലിയൻ ക്രൂസ് കന്പനിയായ കോസ്റ്റ ക്രൂസിന്റെ രണ്ടു കപ്പലുകൾ ഒരേസമയം കൊച്ചി തുറമുഖത്ത് അടുത്തു. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നിങ്ങനെ രണ്ടു ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുത്തത്. ഇത് ആദ്യമായാണ് ഒരു കന്പനിയുടെ രണ്ടു കപ്പലുകൾ ഒരേസമയം തുറമുഖത്ത് അടുക്കുന്നത്.
109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. ചൈനീസ് വിപണിക്കുവേണ്ടി രൂപകൽപ്പന ചെയ്ത ആദ്യ കോസ്റ്റ കപ്പലായ വെനേസിയ ചൈനയിലേക്കുള്ള യാത്ര ഇന്നു തുടരും. കൊളംബോ, ലാംഗ്വാക്കി, പോർട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടു ദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയിൽനിന്ന് 100 ഇന്ത്യൻ അതിഥികൾ വെനേസിയയിൽ കയറും.
കപ്പലിലുള്ള 14 ഡെക്കുകളിൽ 12 ഉം അതിഥികൾക്ക് ഉപയോഗിക്കാനാകും. മൂന്നു സ്വിമ്മിംഗ് പൂളുകൾ, 4 ജാകൂസിസ്, 10 ബാറുകൾ, 5 റസ്റ്ററന്റുകൾ, കാസിനോ, തിയറ്റർ, ഡിസ്കോ, ബോൾ റൂം, വാട്ടർ തീം പാർക്ക് തുടങ്ങിയവയെല്ലാമുണ്ട്. ഇതിനായി മാജിക് ഷോ, ഒപേര, നൃത്ത പരിപാടികൾ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കും.