കോട്ടയം: അറുപറയിലെ ദന്പതികളുടെ തിരോധാനത്തിനു രണ്ടു വർഷം പൂർത്തിയാകുന്പോൾ തിരിച്ചുവരുമെന്ന പ്രാർഥനയിൽ ബന്ധുക്കളും നാട്ടുകാരും. ഇവരുടെ മടങ്ങിവരവ് ആഗ്രഹിച്ചും കണ്ടെത്തുന്നതിനു ക്രൈബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കണെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്നു ഒത്തുചേരും.
അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിലായിരുന്നു കാണാതായത്. ഇന്നു വൈകുന്നേരം അഞ്ചിനു അതിരന്പുഴ ജുമാമസ്ജിദിനു സമീപം നെടുവേലിപീടികയിൽ കുടുംബയോഗത്തിന്റെ നേതൃത്വത്തിലാണു യോഗം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സംസ്ഥാനത്തും പുറത്തും നടത്തിയ അന്വേഷണം വിഫലമായി. ദന്പതികൾ ജീവിച്ചിരിക്കുന്നതായ ഒരു തെളിവ് പോലും ഇതുവരെ അന്വേഷണ സംഘത്തിനു കണ്ടെത്താനായില്ല. പോലീസ് അന്വേഷണം പരാജയപ്പെട്ട സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹാഷിമിന്റെ പിതാവ് അബ്ദുൾഖാദർ അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന് ഹൈക്കോടതിയിൽ നല്കിയ ഹർജി പരിഗണനയിലാണ്. മൂന്നു തവണ കോടതി കേസ് പരിഗണിച്ചെങ്കിലും സിബിഐ അന്വേഷണ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
രണ്ടുകുട്ടികളുടെ സംരക്ഷണചുമതലയടക്കമുള്ള കാര്യങ്ങളിൽ വ്യക്തതവേണമെന്നും വിദേശത്തേക്കു കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് ഹബീബയുടെ ബന്ധുക്കളും ഹൈക്കോടതിയിലെ കേസിൽ കക്ഷിചേർന്നിട്ടുണ്ട്. കേസ്ഡയറി, വിശദമായ അന്വേഷണറിപ്പോർട്ട് എന്നിവ പരിശോധിച്ച ഹൈക്കോടതി ഇത്രയും നാളായിട്ടും കണ്ടെത്താൻ പര്യാപ്തമായ തെളിവുകൾ എന്തെങ്കിലുമുണ്ടോയെന്ന ചോദ്യത്തിനു ക്രൈംബ്രാഞ്ചിനും വ്യക്തമായ മറുപടി നൽകാനായിട്ടില്ല. കൂടുതൽ സമയംവേണമെന്ന ആവശ്യമാണ് അവരും മുന്നോട്ടുവച്ചത്.
2017 ഏപ്രിൽ ആറിന് ഹർത്താലായിരുന്നു. അന്നു രാത്രി 9.30നു തട്ടുകടയിൽനിന്ന് ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ഹാഷിമും ഭാര്യയും കെഎൽ 5 എജെ 7183 എന്ന താത്കാലിക രജിസ്ട്രേഷൻ നന്പരുള്ള മാരുതി വാഗണ്‍ ആർ കാറിൽ വീട്ടിൽനിന്നു പുറത്തേക്കു പോയത്. വീടിനുസമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകൾക്കു മുന്‍പു വാങ്ങിയ മാരുതി വാഗണ്‍ ആർ ഗ്രെ കളർ കാർ രജിസ്റ്റർ ചെയ്തിരുന്നില്ല.
മക്കളായ ഫാത്തിമ (15), ബിലാൽ (11) എന്നിവരെ കൊണ്ടുപോയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡുകൾ ഇവയെല്ലാം വീട്ടിൽ വച്ചശേഷമാണു പോയത്. പോലീസ് അന്വേഷണത്തിൽ ഇവർ നഗരത്തിലെ ഹോട്ടലുകളിലൊന്നും ചെന്നിട്ടില്ലെന്നു വ്യക്തമായി. ഹാഷീമിനു ഡ്രൈവിംഗ് നന്നായി അറിയില്ലെന്നും അതുകൊണ്ടു തന്നെ ദൂരസ്ഥലത്തേക്ക് യാത്രപോകാൻ സാധ്യതവളരെക്കുറവാണെന്നുമായിരുന്നു പോലീസിന്റെ നിഗമനം.
പതിനായിരത്തിലധികം വാഹനങ്ങൾ ഇതിനകം പരിശോധനക്കു വിധേയമാക്കി. കേരളത്തിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പാർക്കിംഗ് ഏരിയകൾ തുടങ്ങിയ സ്ഥലങ്ങൾ പോലീസ് അന്വേഷിച്ചു. കാറിനു പെട്രോൾ വാങ്ങാൻ എത്തിയിട്ടുണ്ടോ എന്നറിയുന്നതിന് കേരളത്തിലെ മുഴുവൻ പെട്രോൾ പന്പുകളിലും അന്വേഷണം നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി കോട്ടയത്തും പരിസരങ്ങളിലുമുള്ള ആറും തോടും പരിശോധിച്ചു. പാതാളക്കരണ്ടി ഉപയോഗിച്ചാണ് വെള്ളത്തിൽ പരിശോധന നടത്തിയത്. കാർ അപകടത്തിൽപ്പെട്ട് ആറ്റിൽ വീണോ എന്നറിയുന്നതിനായിരുന്നു പരിശോധന. വേന്പനാട് കായലിലും പരിശോധന നടത്തി. അറുപറ പുഴയിൽ രണ്ടു തവണ തെരച്ചിൽ നടത്തി.
വെള്ളത്തിന്റെ അടിത്തട്ട് വരെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സ്കാനർ ഉപയോഗിച്ച് വേന്പനാട്ട് കായലിലും മീനച്ചിലാറിന്റെ കൈവഴികളിലും തെരച്ചിൽ നടത്തി. ഇടുക്കി ജില്ലയിലെ മിക്ക കൊക്കകളിലും പരിശോധന നടത്തി.
വാഗമണ്‍, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലെ അഗാധമായ കൊക്കകൾ വരെ പരിശോധിച്ചു. ഇല്ലിക്കൽ ഭാഗത്തുള്ള ഒരു വീട്ടിലെ സിസിടിവി ദൃശ്യത്തിൽ ഇവരുടെത് പോലെ തോന്നിക്കുന്ന ഒരു കാർ പോകുന്നത് കണ്ടെത്തിയതല്ലാതെ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. കാണാതായതിന്റെ തലേന്ന് ഹാഷിം ഒറ്റക്ക് പീരുമേട്ടിൽ എത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചിരുന്നുവെങ്കിലും അന്വേഷണത്തിൽ ഒരു തെളിവും ലഭിച്ചില്ല.