ആലപ്പുഴ: പ്രചാരണ രീതികളിൽ വിഭിന്നത തേടുകയാണ് കോമളപുരത്തെ ഒരു കൂട്ടം എൽഡിഎഫ് പ്രവർത്തകർ.
സ്ഥാനാർഥിയുടെ ഛായാചിത്രം വരച്ചാണ് വോട്ടർമാരുടെ ശ്രദ്ധ നേടുന്നത്. ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ വിവിധ ഇടങ്ങളിലായി വരച്ച ഛായാചിത്രമാണ് ശ്രദ്ധേയമാകുന്നത്.
വാട്ടർ കളറിൽ തീർത്ത ചിത്രം ചിത്രകാരനും പരസ്യ എഴുത്തുകാരനുമായ നേതാജി സ്വദേശി നടേശനാണ് വരച്ചത്. നടേശൻ വരച്ച ഒരു ചിത്രം വാട്സ്ആപിൽ ലഭിച്ച പ്രവർത്തകർ ചുവരെഴുത്തിനൊപ്പം സ്ഥാനാർഥിയുടെ ചിത്രവും വരയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പേരിനൊപ്പം ചിത്രവും കൂടിയാകുന്പോൾ കിട്ടുന്ന ആകർഷണീയതയാണ് ഇതിനു പ്രേരിപ്പിച്ചതെന്നും ആദ്യമായാണ് ഇത്തരമൊരു പരീക്ഷണമെന്നും പാർട്ടി പ്രവർത്തകനായ പ്രശാന്ത് പറയുന്നു.
ചിത്രകാരനായ നടേശൻ കഴിഞ്ഞ 15 വർഷമായി സ്കൂളുകളിലെ ചുവരുകളിൽ ചിത്രം വരയ്ക്കുന്ന ജോലി ചെയ്തു വരികയാണ്.