മാനന്തവാടി: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തെക്കുംതറ പാഴൂക്കാലായിൽ ജോസിന്റെയും ലൂസിയുടെയും മകൾ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സൗമ്യയെ മാർച്ച് 23നാണ് ഭർത്താവ് വരടിമൂല പേടപ്പാട്ട് സജിയുടെ കാപ്പിത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും പുനർവിവാഹമാണ്. സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയ രാത്രി ഭർത്താവ് മർദിച്ചിരുന്നുവെന്ന് മക്കൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
സൗമ്യയെയും ആദ്യ ഭർത്താവിലുണ്ടായ രണ്ട് മക്കളെയും നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. സൗമ്യക്ക് നൽകിയ ആഭരണങ്ങൾ ഭീഷണിപ്പെടുത്തി സജി കൈവശപ്പെടുത്തിയിരുന്നു. അധ്യാപികയായ സൗമ്യ ആത്മഹത്യ ചെയ്യില്ല.
മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും കുട്ടികളുടെ മൊഴിപോലും എടുക്കാൻ മാനന്തവാടി പോലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പോലീസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പിതാവ് ജോസ്, മാതാവ് ലൂസി, സഹോദരൻ സനീഷ് തുടങ്ങിയവർ പങ്കെടുത്തു.