തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപിക്ക് നോട്ടീസ് അയച്ച തൃശൂർ ജില്ലാകളക്ടർക്കെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി ബിജെപി. നടപടി ജില്ലാ കളക്ടറുടെ വിവരക്കേടാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരിലൊരാളായ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. കളക്ടർ പിണറായി സര്‍ക്കാരിന്റെ ദാസ്യപ്പണി ചെയ്യുകയാണെന്ന് തുറന്നടിച്ച ഗോപാലകൃഷ്ണൻ പ്രസിദ്ധി നേടാനുള്ള കളക്ടറുടെ വെമ്പലാണിതെന്നും പറഞ്ഞു.
ശബരിമല വിഷയം പിണറായി സര്‍ക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണെന്നു പറഞ്ഞ ഗോപാലകൃഷ്ണൻ ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണും കൂട്ടിച്ചേർത്തു. ശബരിമല എന്ന വാക്ക് ഉച്ചരിക്കാന്‍ പാടില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പറഞ്ഞാല്‍ അത് ശുദ്ധ വിവരക്കേടാണ്- അദ്ദേഹം ആവർത്തിച്ചു.
ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് എതിര്‍ത്താലും ജനങ്ങള്‍ മുമ്പാകെ ഉയര്‍ത്തിക്കാട്ടുമെന്നും അത് ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും പറഞ്ഞ ഗോപാലകൃഷ്ണന് ടി.വി.അനുപമ സ്വീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചു.
അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. നോട്ടീസിന് മറുപടി നൽകുമെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു.
ബിജെപി വിമർശനങ്ങളെ ചിരിച്ചുതള്ളി കളക്ടർ അനുപമ
തൃശൂർ: അയ്യപ്പന്റെ പേരിൽ വോട്ട് അഭ്യർഥിച്ചതിന് എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിക്ക് നോട്ടീസ് അയച്ച സംഭവത്തിലെ ബിജെപി വിമർശനങ്ങളെ ചിരിച്ചുതള്ളി തൃശൂർ ജില്ലാകളക്ടർ ടി.വി.അനുപമ. തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും ഇതിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കളക്ടർ പറഞ്ഞു.
നേരത്തെ, കളക്ടറുടെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കളക്ടറുടേത് വിവരമില്ലായ്മ എന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ വിമർശനം.