എടപ്പാൾ: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിലെ ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. കുട്ടികൾക്ക് നേരേ വർധിച്ച് വരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ മലപ്പുറം ജില്ലാ കളക്ടർ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.രാഘവൻ (72) ആണ് അറസ്റ്റിലായത്. ഗുരുതര പരിക്കേറ്റ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എടപ്പാളിലെ പട്ടാമ്പി റോഡിൽ രാഘവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയെന്നാരോപിച്ചായിരുന്നു മർദനം. തമിഴ്നാട്ടുകാരിയായ പതിനൊന്നുവയസുള്ള കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയുമാണ് ഇവിടെ പഴയ സാധനങ്ങൾ പെറുക്കാനെത്തിയത്.
സ്ഥലത്തുണ്ടായിരുന്ന രാഘവൻ ഉടനെ ഇവരെ ആട്ടിയോടിക്കുകയും കുട്ടിയുടെ കൈയിലുണ്ടായിരുന്ന ചാക്ക് പിടിച്ചുവാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ചാക്കിനകത്തുണ്ടായിരുന്ന ഇരുമ്പു പൈപ്പ് കുട്ടിയുടെ നെറ്റിയിൽ പതിച്ച് ആഴത്തിൽ മുറിഞ്ഞു.
നെറ്റിപൊട്ടി രക്തമൊലിച്ചുനിന്ന കുട്ടിയെ ഉടനെ പരിസരവാസികൾ ചേർന്നു എടപ്പാളിലെ ഗവണ്മെന്റ് ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമായ സാഹചര്യത്തിലാണ് കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.