തുറവൂർ: നെൽ കൃഷിക്കായി മാർച്ച് 31ന് മുന്പായി പാടശേഖരങ്ങൾ ഒഴിയണമെന്ന നിർദേശം തള്ളി മത്സ്യം വളർത്ത് സംഘം. ഏപ്രിൽ മാസം പാടശേഖരങ്ങളിലെ മുഴുവൻ വെള്ളവും വറ്റിച്ച് ഉഴുത് മറിച്ച് കൃഷിക്കായി പാടശേഖരങ്ങൾ ഒരുക്കണമെന്നാണ് സർക്കാർ നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നിർദേശവും ഇതാണ്.
എന്നാൽ ഏപ്രിൽ മാസം ആയിട്ടും ഒട്ടുമിക്ക പാടശേഖരങ്ങളും മത്സ്യം വളർത്തുകാരുടെ നിയന്ത്രണത്തിലാണ്. ഇവരുടെ നിയന്ത്രണത്തിലുള്ള പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് മരുന്ന് തളിച്ച് അടുത്ത മത്സ്യകൃഷിക്കായി പാടശേഖരം തയാറാക്കുകയാണ്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്ത് പരിധിയിലുള്ള പാടശേഖരങ്ങളിലാണ് മത്സ്യ മാഫിയയുടെ ധിക്കാര നടപടി.
ഒരു നെല്ല്, ഒരു മീൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്ന പാടശേഖരങ്ങളിലാണ് മുഴുവൻ സമയ മത്സ്യകൃഷി നടത്തുന്നത്. കഴിഞ്ഞവർഷം കൃഷിമന്ത്രി ഈ പാടശേഖരങ്ങൾ സന്ദർശിച്ച് നെൽകൃഷി നടത്താത്ത പാടശേഖരങ്ങളിൽ മത്സ്യകൃഷി അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജില്ലാ ഭരണകൂടവും ഇതേ നിേർദശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ തള്ളിയാണ് മത്സ്യ മാഫിയയുടെ പ്രവർത്തനം.