പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ അഞ്ചു കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ടേ മുക്കാൽ കിലോ പോപ്പിസ്ട്രോ കായയുമായി രണ്ടു തമിഴ്നാട് സ്വദേശികളെ പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ സൗത്ത് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
സേലം പെത്തനായ്ക്കൻ പാളയം സ്വദേശികളായ അരുൾമണി (30), അരുൾ മോഹനൻ (27) എന്നിവരാണു പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന നന്പറില്ലാത്ത ബൈക്കും സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പോപ്പിക്കായകളും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിൽ ആദ്യമായാണ് ഇത്രയും അളവിൽ പോപ്പിസ്ട്രോ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇതു മുഖ്യമായും കൃഷി ചെയ്യുന്നത്. ഇതുപയോഗിച്ച് ബ്രൗണ്‍ ഷുഗർ, ഹെറോയിൻ, കറുപ്പ് ഉൾപ്പെടെ 26ൽ പരം വീര്യം കൂടിയ ലഹരിമരുന്നുകൾ നിർമിച്ചുവരുന്നു.
കാൻസർ രോഗികൾക്കു നൽകുന്ന ചില വേദനസംഹാരികളും നിർമിക്കുന്നുണ്ട്. ഇന്ത്യയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സർക്കാർ നിയന്ത്രണത്തിലുള്ള തോട്ടങ്ങളിലാണു മരുന്ന് ആവശ്യത്തിന് ഇവ കൃഷി ചെയ്യുന്നത്.
കേരളത്തിലെ നിശാ ക്ലബ്ബുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ലഹരിമരുന്നുകൾ നിർമിക്കുന്നതിനാണു പോപ്പിസ്ട്രോ കേരളത്തിലെത്തിക്കുന്നതെന്നു പോലീസ് പറഞ്ഞു. കൊച്ചി, ആലപ്പുഴ, കുമരകം, കോവളം എന്നിവിടങ്ങളിലെ ബീച്ച് റിസോർട്ടുകൾ കേന്ദ്രീകരിച്ചാണു ലഹരിമാഫിയ കച്ചവടം നടത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിലാണു പ്രതികൾ വലയിലായത്. അഫ്ഗാനിസ്ഥാനിലെ കാബൂളിൽനിന്ന് രാജസ്ഥാൻ മാർഗമാണ് ഇന്ത്യയിൽ അനധികൃതമായി ഇവ എത്തുന്നത്. ലഹരികളുടെ രാജാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി സാബുവിന്റെ നിർദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ.തോമസ്, പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ പി.കെ. മനോജ് കുമാർ, എസ്ഐ കെ. സതീഷ് കുമാർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്. ജലീൽ, ആർ. കിഷോർ, റഹീം മുത്തു, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്,എസ്.എൻ. ഷനോസ്, സി. സജീഷ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
പ്രതികളെ തുടരന്വേഷണത്തിനു കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.