ഡൊമിനിക് ജോസഫ്
മാന്നാർ: മീന മാസത്തിലെ സൂര്യൻ ഉച്ചസ്ഥായിൽ എത്തി നാടും നഗരവും വെന്തുരുകുന്പോൾ ആശ്വാസത്തിൻ കുളിർമയേകാൻ തൃക്കുരട്ടി തന്മടി കുളം. ഭൂരിപക്ഷം കിണറുകളിലും ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് കുളിക്കുവാനും നനയ്ക്കുവാനുമായി എല്ലാവരും ആശ്രയിക്കുന്നത് ഇപ്പോൾ നദികളെയാണ്.
പ്രളയത്തിനു ശേഷം അഴുക്കുകളും മറ്റും നീങ്ങിയ പന്പാ നദിയും അച്ചൻകോവിലാറും നവീകരിച്ച കുട്ടംപേരൂർ ആറുമെല്ലാം ജനങ്ങൾക്ക് കുളിർമയേകുന്ന ജലസ്രോതസുകളായി ഇപ്പോൾ മാറിയിരക്കുകയാണ്. അതിനോടൊപ്പം പുനർനിർമിച്ച കുളങ്ങളും വേനൽചൂടിന് ഏറെ ആശ്വാസകരമായിരിക്കുകയാണ്.
കുളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാന്നാർ തൃക്കുരട്ടി തന്മടികുളം. കാട് പിടിച്ച് നാട്ടുകാർ മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രമായിരുന്നു ഒരു കാലത്ത് ഈ കുളം. മൂന്നര ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന ഈ കുളം നവീകരിക്കണമെന്ന് ഏറെ നാളത്തെ ആവശ്യത്തെ തുടർന്ന് 2014 ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്.
അന്നത്തെ ചെങ്ങന്നൂർ എംഎൽഎ പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ 40 ലക്ഷം രൂപാ ചിലവിലാണ് കുളം നവീകരിച്ചത്. കുളത്തിന്റെ പുനർ നിർമാണത്തിലൂടെ ഒരു പ്രദേശത്തെ വലിയോരു ജല സ്രോതസാണ് വീണ്ടെടുക്കുവാൻ കഴിഞ്ഞത്. ഇപ്പോഴത്തെ കൊടും വേനലിൽ എല്ലാ ജല സ്രോതസുകളും വറ്റി വരണ്ടപ്പോഴും തന്മടി കുളത്തിലെ വെള്ളം വറ്റിയില്ല.
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കുളിക്കുവാനും ഈ മീനചൂടിൽ നിന്ന് ആശ്വാസം ലഭിക്കുവാനും ഈ കുളം ഇന്ന് ഉപകാരപ്പെട്ടിരിക്കുകയാണ്. കൂടാതെ എല്ലായിടങ്ങളിലും കിണർ ജലം വറ്റിയെങ്കിലും ഈ കുളത്തിന്റെ സമീപത്തുള്ള വീടുകളുലെ കിണറുകളിൽ വെള്ളം വറ്റിയില്ല.
തന്മടികുളത്തിലെ ജലസ്രോതസാണ് കിണറുകളിലെ ജലം വറ്റാതെ കാക്കുന്നത്. അതിനാൽ നാട്ടുകാർക്ക് മീനചൂടിൽ നിന്ന് രക്ഷപ്പെടുവാൻ ഒരു പരിധി വരെ തന്മടികുളം സഹായകമായിരിക്കുകയാണ്.