കോതമംഗലം: തൃക്കാരിയൂരില്‍ ധനകാര്യ സ്ഥാപനത്തിലുണ്ടായ മോഷണ ശ്രമത്തിൽ പ്രഫഷണൽ കവർച്ചാ സംഘത്തെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം. തൃക്കാരിയൂർ ജംഗ്ഷനിലെ പതിക്കൽ ഫൈനാസിലാണ് ഞായറാഴ്ച പുലർച്ചെ കവർച്ചാശ്രമം നടന്നത്. കഴിഞ്ഞ മാർച്ച് ഒന്നിന് ഈസ്ഥാപനത്തിനോട് ചേർന്നു പ്രവർത്തിക്കുന്ന ജ്വല്ലറിയിലും സമാന രീതിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു. രണ്ടും ഒരേ സംഘം തന്നെയാണെന്നാണ് സിസിടിവി ദ്യശ്യങ്ങളിൽനിന്നും കവർച്ചാ രീതിയിൽനിന്നും വ്യക്തമാകുന്നത്.
ധനകാര്യ സ്ഥാപനത്തിൽ പണവും പണയ ഉരുപ്പിടികളും ഉൾപ്പെടെ മൂന്നു കോടിയിലേറെ രൂപയുടെ മുതൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തൃക്കാരിയൂര്‍ പതിക്കല്‍ സദാനന്ദന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്നലെ പുലര്‍ച്ചെ 1.30നും രണ്ടിനും മധ്യേയാണ് മോഷ്ടാക്കള്‍ എത്തിയതെന്നു സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. രണ്ടുപേരടങ്ങുന്ന സംഘമാണ് കവർച്ചക്കെത്തിയത്.
ഇവര്‍ സ്ഥാപനത്തിന്റെ രണ്ടു ഷട്ടറുകളുടേയും പൂട്ടുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയാണ് അകത്തുകടന്നത്. പിന്നീട് ഉള്ളിലുള്ള വാതിലിന്റെ പൂട്ട് തകർക്കുന്നതിനിടെ അലാറം മുഴങ്ങിയപ്പോള്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ മോഷ്ടാക്കള്‍ ഗ്യാസ് കട്ടറും ചെറിയ ഗ്യാസ്കുറ്റിയും സമീപത്തെ പാല് സൊസൈറ്റിയുടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.
അലാറം മുഴങ്ങിയതിനൊപ്പം സ്ഥാപന ഉടമയുടെ മൊബൈലിലേക്ക് സന്ദേശവും എത്തിയിരുന്നു. അഞ്ച് മിനിട്ടിനുള്ളില്‍ ഉടമ സ്ഥലത്തെത്തി കവര്‍ച്ച ശ്രമം മനസിലായതിനെ തുടർന്നു വിവരം പോലീസില്‍ അറിയിച്ചു. കോതമംഗലം സിഐ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിരുന്ന സിസിടിവി കാമറ പരിശോധിച്ചതില്‍നിന്നു മോഷ്ടാക്കള്‍ മതില് ചാടിക്കടന്ന് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതും ഷട്ടറിന്റെയും വാതിലിന്റെയും പൂട്ട് തകര്‍ക്കുന്നതും അലാറം കേട്ട് ഓടി രക്ഷപ്പെടുന്നത് വരെയുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
മോഷ്ടാക്കള്‍ മുഖം തൂവാല കൊണ്ട് മൂടി ഹെല്‍മറ്റും കൈകളില്‍ ഗ്ലൗസും ധരിച്ചാണ് കവര്‍ച്ചക്കെത്തിയത്. പാൻസും ഷര്‍ട്ടിന് മീതെ ജാക്കറ്റും ധരിച്ചിരുന്നു. ബാഗും ഉണ്ടായിരുന്നു. ആലുവയില്‍നിന്ന് ഫിംഗര്‍ പ്രിന്റ് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
സ്വര്‍ണ പണയവും വാഹന വായ്പയും നല്കുന്ന സ്ഥാപനത്തില്‍ സ്വര്‍ണശേഖരം ലക്ഷ്യമിട്ട് എത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ മാസം ആദ്യം സമീപത്ത് പങ്കജ് ജ്വല്ലറിയുടെ ഷട്ടറിന്റെ രണ്ടു പൂട്ടും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകർത്തു മോഷണ ശ്രമം നടന്നിരുന്നു.