വൈപ്പിൻ: പ്രളയം സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയമിച്ച അമികസ് ക്യൂറി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എറണാകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് നായരന്പലത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. നാനൂറിൽപരം മനുഷ്യജീവനുകളാണ് മനുഷ്യ നിർമിതമായ ഈ പ്രളയംമൂലം നഷ്ടമായതെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
എന്നാൽ യഥാർഥ വസ്തുതകളുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു. പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പള്ളത്താംകുളങ്ങരയിൽ നടന്ന തീരദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടാതെയുള്ള ഈ റിപ്പോർട്ട് രഷ്ട്രീയ പ്രേരിതമാണെന്നും റിപ്പോർട്ട് തയാറാക്കിയ അമിക്കസ് ക്യൂറി യുഡിഎഫ് സഹയാത്രികനായ ഒരു അഭിഭാഷകനാണെന്നും കോടിയേരി ആരോപിച്ചു.