താനൂർ: സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും ഒന്നിച്ചാണെന്നും ആരൊക്കെ എന്തൊക്കെ വിവാദമുണ്ടാക്കിയാലും നാടിന്റെ വികസനം തടയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി വിവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന കന്പനിയാണ് സിഡിപിക്യു. 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കന്പനിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മസാല ബോണ്ടിലെ ഫണ്ട് ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിനായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഇതിനകം വിറ്റഴിച്ച 2150 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ സിഡിപിക്യു എന്ന കനേഡിയൻ കന്പനിക്ക് എസ്എൻസി ലാവ്ലിൻ കന്പനിയുമായി ബന്ധമുണ്ടെന്നാണ് ചെന്നിത്തല നേരത്തേ ആരോപിച്ചിരുന്നത്.