പയ്യന്നൂര്‍: വെള്ളൂരില്‍ വ്യാപാര സ്ഥാപനത്തിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തിലേയും കരിവെള്ളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. ചില നിരീക്ഷണ കാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ കവര്‍ച്ചക്കാര്‍ സഞ്ചരിച്ച വാഹനങ്ങളെപറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.
വെള്ളൂര്‍ സ്കൂള്‍ ജംഗ്ഷനിലെ ശ്രീ കുണ്ടത്തില്‍ കൊയ്യന്‍ തറവാട് ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന കുണ്ടത്തില്‍ രാമകൃഷ്ണന്റെ ദി ബ്രൗണി ക്ലബ്ബ് ബേക്കറി ആൻഡ് കൂള്ബാറിലൽ കവര്‍ച്ച നടന്നതായി കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു കണ്ടെത്തിയത്. മുന്‍ഭാഗത്തെ ഷട്ടര്‍ പൂട്ടുകള്‍ തുറക്കാതെതന്നെ ഉയര്‍ത്തിയ നിലയിലായിരുന്നു. ജാക്കി വച്ചാണ് ഇങ്ങനെ ഉയര്‍ത്തി കവര്‍ച്ച നടത്തിയതെന്നായിരുന്നു സൂചന.
മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെങ്കിലും കടയുടെ മുകളിലും താഴെയുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ തകര്‍ത്തശേഷം ദൃശ്യങ്ങള്‍ ശേഖരിച്ച് വെക്കുന്ന ഡിവിആറും മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയിരുന്നു.
സമീപത്തെ രണ്ട് കെട്ടിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ കവര്‍ച്ചക്കെത്തിയവര്‍ സ്റ്റിക്കര്‍ പതിച്ച കറുത്ത വാഹനത്തിലാണെത്തിയതെന്ന പോലീസിന് കണ്ടെത്തിയത്. വാഹനന രജിസ്ട്രേഷൻ നമ്പറുകള്‍ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും തുടരന്വേഷണവും അനിശ്ചിതത്വത്തിലാവുകയായിരുന്നു.
കരിവെള്ളൂര്‍ പാലക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തെ പി.കെ.അച്യുതന്റെ (64)വീട്ടിലാണ് ഫെബ്രുവരി 28നു കവര്‍ച്ച കവര്‍ച്ച നടന്നത്. മംഗളൂരുവില്‍ ജോലിചെയ്യുന്ന മകനെ കാണാന്പോയിരുന്ന അച്യുതനും ഭാര്യ ഗീതയും തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി മനസിലായത്. പൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ ഗ്രില്ലും വാതിലും തകര്‍ത്താണ് ഓഫീസ് റൂമിലും കിടപ്പ്മുറിയിലുമുണ്ടായിരുന്ന സാധനങ്ങളുള്‍പ്പെടെ കവര്‍ച്ച നടത്തിയത്.
അലമാരകളില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, കാമറ,രണ്ട് മൊബൈല്‍ ഫോണുകള്‍, ആറ് വാച്ചുകള്‍,10,000 രൂപ, മിക്സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. കവര്‍ച്ചയിലൂടെ 1,18,000 രൂപയുടെ നഷ്ടമുണ്ടായെന്ന് അച്യുതന് പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ലഭിച്ച വിരലടയാളങ്ങള്‍ പ്രഫഷണൽ കവര്ച്ചക്കാരുടേതല്ലെന്നായിരുന്നു ലഭിച്ച വിവരം. രണ്ട് മാസം പിന്നിട്ടിട്ടും കവര്‍ച്ചക്കാരെ കണ്ടെത്താനാകാത്തത് പോലീസിനും തലവേദനയായിട്ടുണ്ട്.